നെടുമങ്ങാട് എസ്‍ഡിപിഐ - സിപിഎം സംഘർഷം: എസ്‍ഡിപിഐയുടെ ആംബുലൻസ് തകർത്തു, ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു
സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്
തിരുവനന്തപുരം: നെടുമങ്ങാട് എസ്‍ഡിപിഐ-സിപിഎം സംഘര്‍ഷം.എസ്‍ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് ഡിവൈഎഫ്ഐക്കാര്‍ തകര്‍ത്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസും കത്തിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കരകുളം പഞ്ചായത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്‍ഡിപിഐ-സിപിഎം സംഘർഷം നിലനിന്നിരുന്നു. എസ്‍ഡിപിഐ കരകുളം ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരുടെ വീടിനു നേരെ ആക്രമണം ഉണ്ടായി. വീടിനുമുന്നിൽ പാർക്ക് ചെയ്ത ആംബുലൻസ് മാരകായുധം ഉപയോഗിച്ചാണ് തകർത്തത്.
രാത്രി 12 മണിക്കാണ് നെടുമങ്ങാട് ആശുപത്രിക്ക് മുന്നിലെ ഡിവൈഎഫ്ഐ റെഡ് ആംബുലൻസ് തീയിട്ട് നശിപ്പിച്ചത്. ആംബുലൻസിൻ്റെ പുറകിലാണ് തീ ഇട്ടതെന്നും ആരാണ് തീയിട്ടതെന്ന് കണ്ടില്ലെന്നും ദൃക് സാക്ഷി സതീഷ് എസ് മീഡിയവണിനോട് പറഞ്ഞു.എസ്‍ഡിപിഐയാണ് അക്രമം അഴിച്ചുവിട്ടു എന്നാണ് ഡിവൈഎഫ്ഐ ആരോപണം.സിപിഎമ്മാണ് എല്ലാത്തിനും കാരണമെന്നാണ് എസ്ഡിപിഐയുടെ ആരോപണം.
സംഘർഷത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ജി.ആർ അനിൽ മീഡിയവണിനോട് പറഞ്ഞു. അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും നെടുമങ്ങാട് എസിപി അച്യുത് അശോക് മീഡിയവണിനോട് പറഞ്ഞു. കുറ്റക്കാരെ ഉടൻ കണ്ടെത്തും.അക്രമം ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലുകൾ പോലീസ് സ്വീകരിക്കുന്നുണ്ടെന്നും എസിപി പറഞ്ഞു.
ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചതിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു. സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച കേസിൽ എസ്‍ഡിപിഐ പ്രവർത്തകരായ റഫീഖ് , നിസാം, സമദ് എന്നിവരെ പ്രതിചേർത്ത് അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.