തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ; രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ആദ്യം

തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ, പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ

Update: 2024-05-24 11:49 GMT
Advertising

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോ ഇന്റർവെൻഷൻ സജ്ജമാക്കുന്നത്. ഇതോടെ സമഗ്ര സ്‌ട്രോക്ക് സെന്ററായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ്.

തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ, പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 2 വർഷത്തെ ന്യൂറോ ഇന്റർവെൻഷൻ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഇതിലൂടെ വിദഗ്ധരായ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകൾ അടയുമ്പോൾ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കൽ ത്രോമ്പക്ടമി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കൽ കോളേജിലെ സമഗ്ര സ്ട്രോക്ക് സെന്ററിൽ സജ്ജമാക്കി വരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കൽ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളിൽ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇതിലൂടെ കഴിയും.

സ്ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആൻജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ത്രോംബോലൈസിസും മെക്കാനിക്കൽ ത്രോമ്പക്ടമിയും കഴിഞ്ഞ രോഗികൾക്ക് തീവ്ര പരിചരണം നൽകുവാൻ 12 കിടക്കകളുള്ള സ്ട്രോക്ക് ഐസിയുവും സ്ഥാപിച്ചു.

തീവ്ര പരിചരണത്തിനിടയിൽ തലച്ചോറിൽ അമിതമായ നീർക്കെട്ടുണ്ടായാൽ ന്യൂറോസർജന്റെ സഹായത്തോടു കൂടി ഡികമ്പ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനമാണ് മറ്റൊന്ന്. ചെറിയ രീതിയിൽ സ്ട്രോക്ക് വന്നാൽ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കിൽ വാസ്‌ക്യുലർ സർജന്റെ സഹായത്തോട് കൂടി എന്റാർട്ട്റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കൽ കോളേജിലുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News