ഇരട്ടവോട്ടിന് അംഗീകാരമോ?; പുതിയ തിരിച്ചറിയൽ നമ്പർ നൽകി സംസ്ഥാന തെര. കമ്മീഷൻ
കോഴിക്കോട് കോർപറേഷനിലും പല പഞ്ചായത്തുകളിലെയും ഇരട്ട വോട്ടർമാർക്കും പുതിയ നമ്പർ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തി
Photo| Special Arrangement
കോഴിക്കോട്: സംസ്ഥാനത്ത് ഇരട്ട വോട്ടുള്ളവർക്ക് പുതിയ തിരിച്ചറിയല്‍ നമ്പർ വ്യാപകമായി നല്‍കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ തിരിച്ചറിയല്‍ നമ്പർ നൽകിയത്. കോഴിക്കോട് കോർപറേഷനിലും പല പഞ്ചായത്തുകളിലെയും ഇരട്ട വോട്ടർമാർക്കും പുതിയ നമ്പർ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വോട്ടർ പട്ടികയില്‍ നിന്ന് എപിക് നമ്പർ ഒഴിവാക്കി പുതിയ തിരിച്ചറിയല്‍ നമ്പർ നല്കിയതോടെ ഇരട്ട വോട്ട് കണ്ടുപിടിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്
KL/04/025/192659 എന്ന എപിക് നമ്പരുള്ള വോട്ടർക്ക് കോഴിക്കോട് കോർപറേഷനിലെ തിരുവണ്ണൂർ വാർഡിലും എടക്കാട് വാർഡിലും വോട്ടുണ്ടായിരുന്നു. ഇത് ഇരട്ട് വോട്ടാണെന്ന് കാണിച്ച് രാഷ്ട്രീ പാർട്ടികള്‍ പരാതി നല്കി. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ തിരിച്ചറിയല്‍ നമ്പർ നല്കിയപ്പോള്‍ രണ്ടിടത്തെ വോട്ടിനും തിരിച്ചറിയില്‍ നമ്പർ ലഭിച്ചു.
ഇരട്ട വോട്ടെന്ന ആക്ഷേപമുന്നയിക്കപ്പെട്ടവർക്ക് രണ്ട് തിരിച്ചറിയില്‍ നമ്പർ അനുവദിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. ചുരുക്കത്തില്‍ ഇരട്ടവോട്ടിനെ അംഗീകാരം നല്കുന്ന രീതിയിലായി പുതിയ തിരിച്ചറിയില്‍ നമ്പർ വിതരണം.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട് കോർപറേഷിനില്‍ മാത്രം നിരവധി ഉദാഹരണങ്ങളുണ്ട്.. തിരുവനന്തരത്തെ ഇരട്ടവോട്ട് പ്രശ്നം കഴിഞ്ഞ ദിവസം ശബരിനാഥന്‍ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാന പരാതി ഉയർന്നുവരികയാണ്. പുതിയ വോട്ടർപട്ടകിയില്‍ നിന്ന് പഴയ എപിക് നമ്പർ ഒഴിവാക്കിയതോടെ ഇരട്ട വോട്ട് കണ്ടെത്താനും കഴിയുന്നില്ല. തദ്ദേശ വോട്ടർപട്ടികകക്കെതിരെ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍.
വോട്ടർ പട്ടികയിലെ ക്രമക്കേട് തടയാനായാണ് പുതിയ തിരിച്ചറിയില്‍ നമ്പരെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. പക്ഷേ ക്രമക്കേടുകള്‍ക്ക് അംഗീകാരം നല്‍കുകയാണോ കമ്മീനെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.