കൊച്ചിയിൽ എൻ.ഐ.എ കസ്റ്റഡിയിലുള്ള 11 പോപുലർ ഫ്രണ്ട് നേതാക്കളെയും വിശദമായി ചോദ്യംചെയ്യും

ഈ മാസം 30 വരെയാണ് കൊച്ചിയിലെ എൻ.ഐ.എ കോടതി കസ്റ്റഡിയിൽ വിട്ടത്.

Update: 2022-09-25 00:51 GMT
Advertising

കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ കഴിയുന്ന 11 പോപുലർ ഫ്രണ്ട് നേതാക്കളെയും എൻ.ഐ.എ വിശദമായി ചോദ്യംചെയ്യും. സംസ്‌ഥാന വ്യാപകമായി പ്രതികളുടെ വീടുകളിലും ഓഫീസുകളിലും നടന്ന പരിശോധനയിൽ മൊബൈൽ ഫോണുകളടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പരിശോധനാ ഫലം കൂടി വേഗത്തിൽ ലഭ്യമാക്കി ചോദ്യംചെയ്യൽ തുടരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള 2 പേരെ കണ്ടെത്താനും ചോദ്യംചെയ്യലിലൂടെ കഴിയുമെന്നാണ് എൻ.ഐ.എ സംഘത്തിന്റെ പ്രതീക്ഷ.

ഒരു ആഹ്വാനത്തിലൂടെ സമൂഹത്തിന്‍റെ പ്രവര്‍ത്തനത്തെ പോലും നിശ്ചലമാക്കാന്‍ സ്വാധീനമുള്ളവരാണ് അറസ്റ്റിലായ പ്രതികളെന്നും കേസിലെ മൂന്നാം പ്രതി അബ്ദുല്‍ സത്താറിനെയും പന്ത്രണ്ടാം പ്രതി സിഎ റൌഫിനെയും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമുള്ള എന്‍.ഐ.എ വാദം അംഗീകരിച്ചാണ് ഈ മാസം 30 വരെ കൊച്ചിയിലെ എൻ.ഐ.എ കോടതി കസ്റ്റഡിയിൽ വിട്ടത്.

അതേസമയം ഡല്‍ഹിയിലെ എൻ.ഐ.എ ആസ്ഥാനത്തേക്ക് കൊണ്ടുപോയ കേരളത്തില്‍ നിന്നുള്ള പി.എഫ്.ഐ നേതാക്കളെ ഉള്‍പ്പെടെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പി.എഫ്.ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News