നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആദ്യം പത്രിക നൽകിയത് തമിഴ്‌നാട് സ്വദേശി
സേലം രാമൻനഗർ സ്വദേശി ഡോ. കെ. പത്മരാജനാണ് പത്രിക നൽകിയത്.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യം പത്രിക സമർപ്പിച്ചത് തമിഴ്‌നാട് സ്വദേശി. സേലം രാമൻനഗർ സ്വദേശി ഡോ. കെ. പത്മരാജനാണ് പത്രിക നൽകിയത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് ഹോബിയാക്കിയ വ്യക്തിയാണ് പത്മരാജൻ. 1988ൽ സ്വന്തം മണ്ഡലമായ മേട്ടൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചാണ് തുടക്കം. അവസാനം വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന ബോധവത്കരണത്തിനാണ് മത്സരിക്കുന്നതെന്നും തോൽക്കണമെന്നാണ് പ്രാർഥനയെന്നും പത്മരാജൻ പറയുന്നു. കഴിയുമെങ്കിൽ മരണം വരെ മത്സരിച്ച് ഏറ്റവും കൂടുതൽ തവണ തോറ്റ സ്ഥാനാർഥിയെന്ന ലോക റെക്കോർഡ് നേടുന്നതും പത്മരാജന്റെ ലക്ഷ്യമാണ്.
സ്വന്തം നിയമസഭാ മണ്ഡലമായ മേട്ടൂർ, ലോക്‌സഭാ മണ്ഡലമായ ധർമപുരി എന്നിവിടങ്ങളിൽ സ്ഥിരമായി മത്സരിക്കുന്ന പത്മരാജൻ പലപ്പോഴായി 11 സംസ്ഥാനങ്ങളിൽ മത്സരിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കെതിരെ മത്സരിച്ച പത്മരാജന് ഒരു വീട്ടിലെ മൂന്നുപേർക്കെതിരെ മത്സരിച്ചുവെന്ന പ്രത്യേകതയുമുണ്ട്.