നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കാൻ‌ പി.വി അൻവറിന് ടിഎംസി ദേശീയ നേതൃത്വത്തിന്റെ അനുമതി

പി.വി അൻവറിന്റെ എതിർപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.

Update: 2025-05-26 12:50 GMT

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ‌ പി.വി അൻവറിന് ടിഎംസി ദേശീയ നേതൃത്വം അനുമതി നൽകി. മത്സരിക്കുന്ന കാര്യം അൻവറിന് തീരുമാനിക്കാമെന്ന് ടിഎംസി നേതൃത്വം അറിയിച്ചു. സ്ഥാനാർഥിയാകണോ എന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി അൻവർ കാത്തുനിൽക്കേണ്ട കാര്യമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.

പി.വി അൻവറിന്റെ എതിർപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഇന്ന് രാവിലെ അൻവർ പരസ്യമായി രം​ഗത്തെത്തിയിരുന്നു. തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യമാണ് അൻവർ പ്രധാനമായും യുഡിഎഫ് നേതൃത്വത്തിന് മുന്നിൽവെച്ചത്. ഇത് അം​ഗീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് രാവിലെ അൻവർ പരസ്യപ്രതികരണം നടത്തിയത്.

താൻ രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുക്കി. കോൺ​ഗ്രസ് ആരെ സ്ഥാനാർഥിയാക്കിയാലും അവരെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും തന്റെ ഒരു ആവശ്യം പോലും കോൺ​ഗ്രസ് അം​ഗീകരിച്ചില്ല എന്നാണ് അൻവറിന്റെ പരാതി. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുമായും അൻവർ ചർച്ച നടത്തിയിരുന്നു. എന്നാൽ അടിക്കടി നിലപാട് മാറ്റുന്ന അൻവറിന് വഴങ്ങുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News