നിപ: കണ്ടെയ്ൻമെന്റ് സോണുകളിൽ സ്‌കൂളുകൾക്കും അങ്കണവാടികള്‍ക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി

ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടുള്ളത്

Update: 2023-09-13 04:55 GMT
Editor : Lissy P | By : Web Desk

representative image

Advertising

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത് . ആയഞ്ചേരി, മരുതോങ്കര , തിരുവള്ളൂർ , കുറ്റ്യാടി , കായക്കൊടി, വില്യപ്പളളി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകളിലാണ് കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചത്.കണ്ടെയ്ൻമെന്റ് സോണുകളിലെ സ്‌കൂളുകൾക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ സർക്കാർ - അർധസർക്കാർ- പൊതുമേഖലാ- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

കണ്ടെയ്ൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല.  പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിങ് നടത്തേണ്ടതാണ്. ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണം.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമാണ് അനുവദനീയം. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദേശങ്ങൾ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ്.

കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വിവിധ പ‍ഞ്ചായത്തുകളിലെ വാർഡുകൾ 

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡുകൾ

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡുകൾ

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡുകൾ

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡുകൾ

വില്യാപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡുകൾ

കാവിലുംപാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡുകൾ

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News