'മോദിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമാക്കാൻ ശ്രമം'; വിലകുറഞ്ഞ ആരോപണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Update: 2024-02-11 04:42 GMT
Advertising

കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാൻ സി.പി.എം നീക്കമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. തനിക്കെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണ്.  എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നു. പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരും പങ്കെടുത്തിട്ടുണ്ടെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. 

"പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ആർ.എസ്.പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമം" എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.  

സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻ.ഡി.എ സർക്കാറിനെതിരെ ശക്തമായ നിലപാടെടുത്തത് താനാണ്. എളമരം കരീമിന് സംശയമുണ്ടെങ്കിൽ പാർലമെന്റിലെ പ്രസംഗം പരിശോധിച്ചാൽ മതിയെന്നും എൻ.കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.  

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന് രാജിവെക്കണമെന്ന ആവശ്യം പരിഹാസ്യകരമാണ്. താനും ശശി തരൂരും കെ.മുരളീധരനും കെ.സുധാകരനും ബി.ജെ.പിയിൽ പോകുന്നുവെന്ന് സി.പി.എം വ്യാജപ്രചരണം നടത്തുന്നു. കശുവണ്ടി മേഖലയിലെ വിഷയങ്ങളിലാണ് സി.ഐ.ടി.യു.വും എ.ഐ.ടി.യു.സിയും സമരം ചെയ്യേണ്ടത്. എളമരം കരീമിൻ്റെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിൻ്റെ ഭാഗമാണെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News