പത്തുമാസമായി ശമ്പളമില്ല; ദുരിതത്തിലായി സർക്കാർ എയ്ഡഡ് സ്‌കൂൾ അധ്യാപകർ

നിയമന അംഗീകാരം ഇല്ലാത്തതാണ് ശമ്പളം തടഞ്ഞു വെക്കാൻ കാരണം

Update: 2023-04-13 03:19 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പത്തുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലാണ് സംസ്ഥാനത്തെതാൽക്കാലിക അധ്യാപകർ. കഴിഞ്ഞ അധ്യയന വർഷം അധിക തസ്തികകളിൽ ജോലി ചെയ്തവർക്ക് ഒരു രൂപ പോലും ഇതുവരെ ശമ്പളമായി ലഭിച്ചിട്ടില്ല. സർക്കാർ ഉത്തരവിറക്കിയെങ്കിലും നിയമന അംഗീകാരം ഇല്ലാത്തതാണ് ശമ്പളം തടഞ്ഞു വെക്കാൻ കാരണം.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധിക തസ്തിക നിർണയിക്കുന്നതു വരെ താൽക്കാലിക നിയമനം നടത്താമെന്ന് കഴിഞ്ഞ ജൂൺ എട്ടിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത് പ്രകാരം അധിക തസ്തികകളുണ്ടാവാനിടയുള്ള എയിഡഡ് വിദ്യാലയങ്ങളിൽ 3000-ത്തോളവും സർക്കാർ വിദ്യാലയങ്ങളിൽ 2000-ത്തിൽപരവും പേരെ നിയമിച്ചു. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാനായി ജൂൺ മുതൽ തന്നെ ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പക്ഷേ സർക്കാർ ഉത്തരവ് പ്രകാരം ഒരു അധ്യയന വർഷം മുഴുവൻ ജോലി ചെയ്ത ഇവർക്ക് ഒരു രൂപ പോലും പ്രതിഫലമായി ലഭിച്ചിട്ടില്ല. നിയമനം നടത്താമെന്ന് ഉണ്ടെങ്കിലും നിയമനാംഗീകാരം നൽകാൻ ഉത്തരവിലില്ലെന്ന് കാട്ടിയാണ് ശമ്പളം നൽകാത്തത്. 10 മാസം ജോലി ചെയ്ത പണം കിട്ടാൻ ഓഫീസുകൾ കയറി ഇറങ്ങി നടക്കുകയാണ് ഇവർ.

എൽ പി - യു പി വിഭാഗത്തിൽ ദിവസം 955 രൂപയും ഹൈസ്‌കൂൾ വിഭാഗത്തിന് ദിവസമായി 1200 രൂപയുമാണ് ശമ്പളമായി നൽകേണ്ടത്. അടുത്ത അധ്യയന വർഷത്തിൽ ജോലി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പ്രതിഫലം എങ്ങിനെ കിട്ടുമെന്ന ചോദ്യം ഇവർക്ക് മുന്നിൽ ബാക്കിയാണ്.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News