ഓഫർ തട്ടിപ്പ്: 'മാത്യു കുഴൽനാടൻ പണം വാങ്ങിയിട്ടില്ല'; അനന്തു കൃഷ്ണൻ
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കൃഷ്ണൻ കോടതിയെ അറിയിച്ചു
Update: 2025-02-10 10:33 GMT
എറണാകുളം: മാത്യു കുഴൽനാടൻ എംഎൽഎ തന്റെ കയ്യിൽ നിന്ന് ഒരു രൂപപോലും വാങ്ങിയില്ലെന്ന് ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണൻ. മുവാറ്റുപുഴ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
മാത്യു കുഴൽനാടൻ ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഏഴ് ലക്ഷം രൂപ വാങ്ങിയെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു മാത്യു കുഴൽനാടൻ ഇതിനെതിരെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അനന്തുവിന്റെ തുറന്നുപറച്ചിൽ.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കൃഷ്ണൻ മുവാറ്റുപുഴ കോടതിയെ അറിയിച്ചു. സമാഹരിച്ച പണം മുഴുവനും ഈ പദ്ധതിക്കായി വിനിയോഗിച്ചെന്നും അനന്തു പറഞ്ഞു. അനന്തുവിനെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.