ഒളിവിൽ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ
രാഹുലിന് എതിരായ അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു
പാലക്കാട്: 15 ദിവസം നീണ്ട ഒളിവു ജീവിതത്തിന് ശേഷം പാലക്കാട്ട് വോട്ടുരേഖപ്പെടുത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കുന്നത്തൂർമേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞ രാഹുൽ സത്യം ജയിക്കുമെന്നുമാണ് പ്രതികരിച്ചത്.
തിരക്കൊഴിഞ്ഞ സമയത്താണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ മാങ്കൂട്ടത്തിനിലെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടതി രാഹുലിന് മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. ഇതോടെ രാഹുൽ ഇന്ന് വോട്ടുചെയ്യാനെത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
രാഹുലിന് മുൻകൂർ ജാമ്യമനുവദിച്ച് കോടതി നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹരജിയിലെ സർക്കാർ വാദം.