പള്ളിയിലെത്തി പലരും നടത്തുന്നത് ധൃതരാഷ്ട്രാലിംഗനം, അവരെ തിരിച്ചറിയാനുള്ള സമയമാണിത്: ബിഷപ്പ് ഫാദർ പീറ്റർ കൊച്ചുപുരക്കൽ

മനുഷ്യക്കടത്താണോ മനുഷ്യക്കുരുതിയാണോ വലിയ പ്രശ്‌നമെന്ന് ആരോപണമുന്നയിക്കുന്നവർ ആലോചിക്കണമെന്ന് ബിഷപ്പ് പറഞ്ഞു.

Update: 2025-07-30 15:58 GMT

പാലക്കാട്: പള്ളിയിലെത്തി പലരും നടത്തുന്നത് ധൃതരാഷ്ട്രാലിംഗനമെന്ന് പാലക്കാട് ബിഷപ്പ് ഫാദർ പീറ്റർ കൊച്ചുപുരക്കൽ. ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും കയറിയിറങ്ങുന്ന ചില രാഷ്ട്രീയക്കാരുണ്ട്. കൂടെ നിൽക്കുമെന്ന് വിചാരിക്കുന്നവർ നടത്തുന്നത് ധൃതരാഷ്ട്ര ആലിംഗനമാണ്. പള്ളികളിൽ കയറി കൈകൂപ്പി നിൽക്കുകയും തിരുമുടി ചാർത്തുകയും ചെയ്യുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരെ തിരിച്ചറിയാനുള്ള സമയമാണിതെന്നും ബിഷപ്പ് പറഞ്ഞു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

ഭാരതാംബയുടെ ആത്മാവിന്റെ വക്താക്കൾ എന്ന് പറയുന്നവരാണ് ഇന്ത്യയുടെ ആത്മാവിനെ കുത്തി മുറിവേൽപ്പിക്കുന്നത്. എത്ര മനുഷ്യരെയാണ് രാജ്യത്ത് കൊന്നുതള്ളുന്നത്. ഇന്ത്യൻ മതേതരത്വത്തിന് ആഴത്തിൽ മുറിവേറ്റു. സ്വാഭാവിക മുറിവല്ല, കരുതിക്കൂട്ടി ഉണ്ടാക്കിയ മുറിവാണിത്.

Advertising
Advertising

ഇന്ത്യയുടെ ആത്മാവ് കേട്ടറിഞ്ഞവർ സഹോദരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കില്ല. ഏത് വകുപ്പും ചുമത്തുന്നവർ ഉദ്യോഗസ്ഥരിൽ ഉണ്ടെങ്കിൽ നമ്മുടെ സുരക്ഷ എന്താണ്? കന്യാസ്ത്രീകൾ ചെയ്ത തെറ്റ് എന്താണ്? പ്രായപൂർത്തിയായ മൂന്ന് യുവതികളെ അവരുടെയും മാതാപിതാക്കളുടെയും സമ്മതത്തോടെ ജോലിക്കായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുമ്പോൾ അതിനെ പ്രത്യേക കണ്ണുകളോടെ കണ്ട് ഇതാണ് കുരുക്കാൻ അവസരമെന്ന് മനസ്സിലാക്കി ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുള്ള വകുപ്പുകൾ ചുമത്തി മനപ്പൂർവം ജയിലിലടക്കുകയാണ്.

കേരളത്തിലേക്ക് നിരവധിപേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലിനായി വരുന്നുണ്ട്. അവരെല്ലാം മനുഷ്യക്കടത്തിന് ഇരകളാണോ? ഒരിക്കലുമല്ല, മനുഷ്യക്കടത്തിന്റെ പ്രധാന ഉദ്ദേശ്യം ചൂഷണമാണ്. എന്നാൽ കന്യാസ്ത്രീകൾ ഈ മൂന്ന് യുവതികളെ കൊണ്ടുപോയത് ചൂഷണത്തിനല്ല. മനുഷ്യക്കടത്താണോ മനുഷ്യക്കുരുതിയാണോ വലിയ പ്രശ്‌നമെന്ന് ആരോപണമുന്നയിക്കുന്നവർ ആലോചിക്കണം. സഹോദരങ്ങളെ വെട്ടിനുറുക്കി കൊലപ്പെടുത്തുന്ന എത്രയോ ഭീകരസംഭവങ്ങൾ ഈ പ്രദേശത്ത് നടക്കുന്നുണ്ട്. നിയമവാഴ്ച നടത്തേണ്ടയിടത്ത് അധികാര വാഴ്ച നടത്തുകയാണ്. പരിഷ്‌കൃത ഇന്ത്യയിൽ നിന്ന് പ്രാകൃത ഇന്ത്യയിലേക്ക് തിരിച്ചുപോകുകയാണോ എന്നും ബിഷപ്പ് ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News