പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
5 വർഷം മുൻപ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി
തിരുവനന്തപുരം: പാലത്തായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലർക്കെതിരെ ഒടുവിൽ നടപടി. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൗൺസലറെ സസ്പെൻഡ് ചെയ്തു. 5 വർഷം മുന്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി. മുൻ മന്ത്രി കെ.കെ ശൈലജക്ക് നൽകിയ പരാതി പരാമർശിച്ചായിരുന്നു കോടതി വിമർശനം. കുട്ടിയോടുള്ള ചോദ്യങ്ങൾ ഉദ്ധരിച്ച് കൗൺസലർക്കെതിരെ വിധിയിൽ അതിരൂക്ഷ വിമർശനമുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനും കുട്ടിയെ മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്നായിരുന്നു മാതാവിന്റ പരാതി. കൗൺസലർമാർക്ക് ഈ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.
അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും കോടതി വിമർശിച്ചു. പ്രസ്തുത മാനസികാരോഗ്യ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി, അവരുടെ ചോദ്യങ്ങൾ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ കൃത്യമായി ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് 2020 സെപ്തംബർ 21ന് അന്നത്തെ വനിതാ ശിശുവികസന മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലവിൽ കോടതിയുടെ കണ്ടെത്തലുകൾ വന്ന സാഹചര്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ദിശാ സെക്രട്ടറി ദിനു വെയിൽ വനിതാ ശിശുവികസന വകുപ്പ്, ഡിജിപി, സംസ്ഥാന ബാലാവകാശ കമീഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു.
ബിജെപി നേതാവായ അധ്യാപകന്‍ കെ. പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ കൗണ്‍സലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായും അതിവേഗ പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. അത് തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിച്ചില്ലെന്നും അന്വേഷണസംഘവും ഉദ്യോഗസ്ഥരും ഇടയ്ക്ക് മാറിയത് കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പൂട്ടുള്ള ശൗചാലയം എന്ന് കുട്ടി പറഞ്ഞത് മഹസര്‍ എഴുതിയപ്പോള്‍ പൂട്ടില്ലാത്തത് എന്നായി. കുട്ടിയുടെ വിശദമായ മൊഴിയും കേസന്വേഷണഘട്ടത്തില്‍ കുട്ടിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടും അന്വേഷണത്തിലെ പിഴവുമെല്ലാം ചൂണ്ടിക്കാട്ടുന്നതാണ് ജഡ്ജി എ.ടി ജലജാറാണിയുടെ 167 പേജുള്ള വിധിന്യായം. കേസിൽ, കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി പത്മരാജന് മരണം വരെ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.