പാലിയേക്കര ടോൾ വിലക്ക് തുടരും; നിരക്ക് കുറക്കാൻ തീരുമാനമെടുക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
വെള്ളിയാഴ്ച ഹരജികൾ പരിഗണിക്കുന്നതുവരെ നിലവിലെ വിലക്ക് തുടരും
കൊച്ചി: പാലിയേക്കര ടോൾ നിരക്ക് കുറയ്ക്കാൻ തീരുമാനം എടുക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. ടോൾ നിരക്ക് കുറയ്ക്കാൻ ദേശീയപാതാ അതോറിറ്റിക്കാണ് അധികാരം. ദേശീയപാതാ നിർമ്മാണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പാലിയേക്കരയിൽ ടോൾ വിലക്ക് തുടരാൻ കോടതി നിർദേശം. ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും.
ഒക്ടോബർ 10 വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി ടോൾ പിരിവ് വിലക്കിയ നടപടി വീണ്ടും നീട്ടിയിരുന്നു. ടോൾ നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. നാല് വരിപാതയായിരുന്നപ്പോഴുള്ള ടോൾ സർവീസ് റോഡിലൂടെയുള്ള ഗതാഗതത്തിന് എങ്ങനെ പിരിക്കാനാകും എന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമറിയിക്കാൻ കോടതി നിർദേശിച്ചത്.
ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചു എന്നത് ചൂണ്ടിക്കാട്ടി ആഗസ്ത് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹരജിയിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം.