പെരിയാറിലെ മത്സ്യകൂട്ടക്കുരുതി: അലൈൻസ് മറൈൻ പ്രോഡക്ട്സ് കമ്പനി പൂട്ടാൻ ഉത്തരവ്

മലിനീകരണ നിയന്ത്രണ ബോർഡാണ് നോട്ടീസ് നൽകിയത്

Update: 2024-05-23 17:28 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പെരിയാറിലെ മത്സ്യകൂട്ടക്കുരുതിയില്‍ അലൈൻസ് മറൈൻ പ്രോഡക്ട്സ് എന്ന കമ്പനി പൂട്ടാൻ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡാണ് നോട്ടീസ് നൽകിയത്. പെരിയാറിലേക്ക് നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയതിനാണ് നടപടി.

പെരിയാറിലെ മത്സ്യക്കുരുതി വ്യവസായശാലകളിലെ രാസമാലിന്യങ്ങൾ തുറന്നുവിട്ടത് കൊണ്ടാണെന്ന് ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു.വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു . റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെ ചിത്രപ്പുഴയിലും മീനുകള്‍ ചത്തുപൊങ്ങിയിരുന്നു.

ഇറിഗേഷൻ വകുപ്പ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് വ്യവസായ വകുപ്പിനും പി.സി.ബിക്കും എതിരെ ഗുരുതരാരോപണമുള്ളത്. മുന്നറിയിപ്പില്ലാതെ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായീകരണം. എന്നാൽ ഷട്ടറുകൾ തുറക്കും മുന്നേ മീനുകൾ ചത്തുപൊങ്ങിയിരുന്നതായി ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

വിവരം നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും യാതൊരു നടപടി ഉണ്ടായില്ല. ഇടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്നും രാസമാലിന്യം ഒഴുക്കി വിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇറിഗേഷൻ വകുപ്പ് കലക്ടറെ അറിയിച്ചു. അതേസമയം, ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ഫോർട്ട് കൊച്ചി സബ് കലക്ടർ മീര കെയുടെ നേതൃത്വത്തിലുള്ള സംഘം പെരിയാറിൽ പരിശോധന നടത്തി. കുഫോസിന്റെ പ്രത്യേക അന്വേഷണസംഘവും പരിശോധന നടത്തുന്നുണ്ട്. ഉപ്പുവെള്ളം കലർന്നത് മൂലമാണ് മത്സ്യങ്ങൾ ചത്തത് എന്ന പി സി ബിയുടെ വാദം കുഫോസ് വി സി തള്ളി. മീനുകള്‍ ചത്തുപൊങ്ങിയത് മലിനീകരണം കൊണ്ടാണെന്ന പ്രാഥമിക നിഗമനത്തിലാണ് കുഫോസ്. ഗൗരവമായ കാര്യം ആണ് പെരിയാറിൽ സംഭവിച്ചതെന്നും കൂടുതൽ ഉന്നത അന്വേഷണം വേണമെങ്കിൽ പ്രസ്തുത റിപ്പോർട്ടിന് ശേഷം തീരുമാനിക്കും എന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും എസ്ഡിപിഐയും പിസിബി ഓഫീസിലേക്ക് മാർച്ച് നടത്തി.അതിനിടെ ചിത്രപുഴയുടെ തൃപ്പൂണിത്തുറ, ഇരുന്പനം ഭാഗങ്ങളിലെ വ്യവസായശാലകള്‍ക്കടുത്തുളള പ്രദേശത്ത് മീനുകള്‍ ചത്തുപൊങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളടക്കം നിരവധി വ്യവസായശാലകള്‍ക്കടുത്താണ് മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News