'പുരോഹിതന്‍മാര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടാകും' ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച് മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത് വന്നിരുന്നു

Update: 2024-06-07 13:13 GMT
Editor : anjala | By : Web Desk

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇടതുമുന്നണിയെ വിമർശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ കൂറിലോസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപുരോഹിതന്മാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. കേരള സര്‍ക്കാരിന്റെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധാര്‍ഷ്ട്യവും, ധൂര്‍ത്തും ഇനിയും തുടർന്നാൽ വലിയ തിരിച്ചടികൾ നേരിടുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷിക്കെത്തില്ല എന്നുമായിരുന്നു ഗീവർഗീസ് മാ‍ര്‍ കൂറിലോസിന്റെ ഫേസ്ബുക്കിലൂടെയുള്ള വിമർശനം. ഇതിനെതിരെ കടുത്ത ഭാഷയിലുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഭരണ വിരുദ്ധ വികാമാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തുന്ന സി.പി.എം തിരുത്തുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഒരു മത പുരോഹിതനെ കടന്നാക്രമിച്ചിരിക്കുന്നത്. ഇടതുപക്ഷത്തോടെ ചേർന്ന് നിന്നിട്ടുള്ള യാക്കോബായ സഭയുടെ മതപുരോഹിതനെയാണ് മുഖ്യമന്ത്രി വിമർശിച്ചത് എന്നതും ശ്രദ്ധേയം.

Advertising
Advertising

'ഒരു മാധ്യമത്തിൽ ഒരു പുരോഹിതന്‍റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് അന്ന് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ, നേരിട്ട ദുരന്തത്തെ ശരിയായ രീതിയിൽ അതിജീവിക്കാൻ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ പാഠം. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്. നമ്മുടെ നാടിന്‍റെ പ്രത്യേകതയാണെന്നും' പിണറായി വിജയൻ പറഞ്ഞു.

 ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ് രംഗത്തു എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും സി.പി.എം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണ്. ധാർഷ്ട്യവും, ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ വരും. പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

സർക്കാരിന്റെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും ക്ഷേമപെൻഷൻ വേഗത്തിൽ കൊടുത്തു തീർക്കുമെന്നുമടക്കമുള്ള കാര്യങ്ങൾ പ്രോഗ്രസ് റിപ്പോർട്ടിലുണ്ട്.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News