'ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ'- ചെറിയ പെരുന്നാൾ ആശംസയുമായി മുഖ്യമന്ത്രി

ചുറ്റുമുള്ളവരുടെ വേദനകളും ദുഃഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനുമാണ് നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2024-04-09 14:13 GMT

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഃഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  

"വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ"- മുഖ്യമന്ത്രി പ്രസ്താവനയിൽ പറയുന്നു.  

Advertising
Advertising

സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാളെന്ന് സ്പീക്കർ എ.എൻ ഷംസീർ ആശംസിച്ചു. നോമ്പുതുറക്കാൻ മുസ്‍ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽവെക്കുന്നതെന്ന് അഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയതെന്നും സ്പീക്കർ പറഞ്ഞു. 

നാളെയാണ് കേരളത്തിൽ ചെറിയ പെരുന്നാൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു. ബുധനാഴ്ച പെരുന്നാളാണെന്ന് പാളയം ഇമാമും അറിയിച്ചു. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News