'അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാത്തതിന് 10 വോട്ട് പോയാല്‍ 20 വോട്ട് മറുഭാഗത്ത് നിന്ന് ഇങ്ങോട്ട് കിട്ടും'; കെ.മുരളീധരൻ
വെളളാപ്പള്ളിയുടെ മതവിദ്വേഷ പ്രസംഗങ്ങൾക്ക് കൂട്ട് നിൽക്കുന്നത് പിണറായി വിജയനാണെന്നും കെ.മുരളീധരൻ മീഡിയവണിനോട്
കെ.മുരളീധരന്‍ | Photo | MediaOne
തിരുവനന്തപുരം: അയ്യപ്പസംഗമത്തിൽ എൻഎസ്എസ് സർക്കാരിന് നൽകിയ പിന്തുണ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ 10 വോട്ട് പോയാൽ 20 വോട്ട് കൂടുതൽ കിട്ടും.വെളളാപ്പള്ളിയുടെ മതവിദ്വേഷ പ്രസംഗങ്ങൾക്ക് കൂട്ട് നിൽക്കുന്നത് പിണറായി വിജയനാണെന്നും കെ.മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.
'അയ്യപ്പസംഗമത്തിലെ എൻ എസ് എസ് പിന്തുണ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല.അന്നും ഇന്നും വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ് നിലപാട്.വിശ്വാസികളെ വഞ്ചിച്ച പിണറായിയുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കുണ്ടാവില്ല.കപട സംഗമങ്ങളിൽ ഭാവിയിലും പങ്കെടുക്കില്ല. എന്ത് നഷ്ടം വന്നാലും നേരിടാൻ കോൺഗ്രസ് തയ്യാറാണ്'. മുരളീധരന്‍ പറഞ്ഞു.
'വെളളാപ്പള്ളിയുടെ എല്ലാ പ്രസംഗങ്ങളും സ്പോൺസർ ചെയ്യുന്നത് പിണറായി വിജയനാണ്. വെള്ളാപ്പള്ളി പാലായിൽ ചെല്ലുമ്പോൾ ക്രിസ്ത്യാനികൾക്കെതിരെ പറയും. മലപ്പുറം ചെല്ലുമ്പോൾ മുസ്‍ലിംകള്‍ക്കെതിരെ പറയും. ഇതിന് കൂട്ട് നിൽക്കുന്നത് പിണറായി വിജയനാണ്. ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശമാണ് മുഖ്യമന്ത്രി വെളളാപ്പള്ളിക്ക് നൽകുന്നത്.അതാണ് വെള്ളാപ്പള്ളിക്ക് എതിരെ കേസെടുക്കാത്തത്.ഇനി ന്യൂനപക്ഷം പിണറായിയെ വിശ്വസിക്കില്ല.ഇലക്ഷന് വോട്ട് കിട്ടാൻ ഏത് നാടകവും സിപിഎം കളിക്കും.പിണറായി നടത്തുന്നത് തീക്കളിയാണ്'..മുരളീധരന്‍ പറഞ്ഞു.