കെജ്‌രിവാളിന്റെ ജാമ്യം തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും: മുഖ്യമന്ത്രി

ജാമ്യം ലഭിച്ചത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

Update: 2024-05-10 11:07 GMT
Advertising

തിരുവനന്തപുരം: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറങ്കലിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബി.ജെ.പി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയത്.

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് ഭയമാണ്. പകരം വർഗീയ വിദ്വേഷം അഴിച്ചുവിട്ടും അധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബി.ജെ.പിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിരിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ.ഡിയെ പോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിൽ മോചിതനായ കെജ്‌രിവാളിന് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Full View


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News