ഗവര്‍ണര്‍ ഭരണത്തെ അനുകൂലിക്കില്ല; ഒപ്പം പോയി അപകടത്തില്‍ ചാടാനില്ലെന്ന് കുഞ്ഞാലിക്കുട്ടി

യൂണിവേഴ്‌സിറ്റി ഭരണത്തിലടക്കം പലവിധ പോരായ്മകളുള്ള സര്‍ക്കാരിന് ഗവര്‍ണര്‍ കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു.

Update: 2022-10-26 15:26 GMT
Advertising

കോഴിക്കോട്: ധനമന്ത്രിയെ നീക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തില്‍ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സംസ്ഥാനത്തൊരു ഗവര്‍ണര്‍ ഭരണം ഉണ്ടാവുന്നതിനെ പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അസാധാരണമായി ഓരോ ദിവസവും ഗവര്‍ണര്‍ തോന്നുന്നതു പോലെ പറയുമ്പോള്‍ അതിന്റെ ഔചിത്യവും നിയമവും നോക്കാതെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ശക്തമായ എതിര്‍പ്പ് പ്രതിപക്ഷത്തിന് ഉണ്ടാവുകയും ചെയ്യാം. പക്ഷേ ഗവര്‍ണര്‍ എന്ത് അജണ്ടയുടെ അടിസ്ഥാനത്തിലാണ് അഭിപ്രായം പറയുന്നതെന്ന് അറിയില്ല.

പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയുമൊക്കെ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്തുതന്നെയാണ് പറഞ്ഞത്. സര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ഗവര്‍ണറുടേത് വേറെ നിലപാടാണ്. അതിനൊപ്പം യാത്ര ചെയ്തിട്ട് വലിയ അപകടത്തില്‍ ചെന്ന് ചാടാന്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയുമില്ല.

എന്ത് അജണ്ടയാണെന്ന് അറിയാതെ അതിനു പിന്നാലെ പോവും ചെലപ്പോള്‍പെട്ടുപോവും. സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടാവുമ്പോള്‍ ഗവര്‍ണര്‍ ഭരണം ഉണ്ടാവാറില്ല. ഗവര്‍ണര്‍ ഭരണം എന്നൊന്നില്ല. അതിന് ഭരണഘടന അനുവദിക്കുന്നില്ല. അതിനാല്‍ അതിന് അത്രയും വിലയേ കല്‍പ്പിക്കുന്നുള്ളൂ. ഇവിടെ ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ പോരായ്മകള്‍ക്കെതിരെ ഇനിയും ശബ്ദിക്കും. പ്രതിഷേധിക്കും.

ഗവര്‍ണറും സര്‍ക്കാരും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സംസ്ഥാനത്തിന് തന്നെ സുഖമില്ല. ഓരോ ദിവസവും ഇത്രയും ഉത്തരവാദിത്തപ്പെട്ടൊരു സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരത്തില്‍ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അത് ശരിയല്ല. യൂണിവേഴ്‌സിറ്റി ഭരണത്തിലടക്കം പലവിധ പോരായ്മകളുള്ള സര്‍ക്കാരിന് ഗവര്‍ണര്‍ കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു. അതിനാല്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ ആലോചിക്കണം.

സര്‍ക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഗവര്‍ണര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും കൂടിയാവുമ്പോള്‍ ഇവിടെ ബുദ്ധിമുട്ടുന്നത് ജനങ്ങളാണ്. ജനങ്ങള്‍ വളരെയേറെ വിഷമത്തിലാവുന്നു. ജനങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടുത്താനുള്ള മാര്‍ഗങ്ങളാണ് പ്രതിപക്ഷം ആലോചിക്കുന്നത്. എന്തായാലും ഗവര്‍ണറുടെ ഈ നിലപാടുകളെ പിന്തുണയ്ക്കുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News