'നമ്മൾ ഒരേ സമുദായമല്ലേ, അതോണ്ട് വോട്ട് ചെയ്യണം'; വിശുദ്ധ ഗ്രന്ഥം തൊട്ട് ആണയിടീച്ചല്ലാതെ എംഎസ്എഫ് തെരഞ്ഞെടുപ്പിനെ നേരിടാറില്ല: പി.എം ആർഷോ
ഗ്രൗണ്ടിൽ നേർക്കുനേർ നിന്ന് സംഘപരിവാർ ഭീകരതയെ പ്രതിരോധിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരാണ് കമ്യൂണിസ്റ്റുകാർ എന്നും ആർഷോ പറഞ്ഞു.
പാലക്കാട്: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന് പിന്നാലെ എംഎസ്എഫിന് എതിരെ വർഗീയത ആരോപിച്ച് മുൻ സെക്രട്ടറിയും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആർഷോ. ''നമ്മൾ ഒരേ സമുദായം അല്ലേ... അതോണ്ട് വോട്ട് നീ എംഎസ്എഫിന് തന്നെ ചെയ്യണം'' സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പാവട്ടെ, കോളജ് യൂണിയൻ തെരഞ്ഞെടുപ്പാവട്ടെ എവിടെയും എംഎസ്എഫിന്റെ മുദ്രാവാക്യമാണിത്. സമുദായത്തിന്റെ കുട ചൂടി, മതം പറഞ്ഞ് കരഞ്ഞ്, വിശുദ്ധ ഗ്രന്ഥംതൊട്ട് ആണയിടീച്ചല്ലാതെ എംഎസ്എഫ് തെരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും ആർഷോ പറഞ്ഞു.
ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുടെ തലച്ചോറുകളെ ക്ലാസ്സ് മുറിയിൽ കയറി ഇത്തരത്തിൽ പറയാൻ പാകപ്പെടുത്തുക എന്നത് മാത്രമാണ് ഇന്നവർ നടത്തുന്ന സംഘടനാ പ്രവർത്തനം. ഈ പ്രവർത്തനത്തിന്റെ ട്രെയിനർമാർ എംഎസ്എഫിന്റെ ചിറകിൻകീഴിൽ അവർ സംരക്ഷിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളാണ്. അവയിൽ നിരോധിക്കപ്പെട്ട പഴയ കാമ്പസ് ഫ്രണ്ടുകാരുണ്ട്, ജമാഅത്തെ ഇസ്‌ലാമിക്കാരുണ്ട്. രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏർപ്പാടിനെ വർഗീയത എന്നല്ലാതെ 'കഹോ നാ പ്യാർ ഹെ' എന്ന് വിളിക്കാൻ പറ്റുമോ? എന്നും ആർഷോ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
''നമ്മൾ ഒരേ സമുദായം അല്ലേ... അതോണ്ട് വോട്ട് നീ എം എസ് എഫിന് തന്നെ ചെയ്യണം.''
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പാവട്ടെ, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പാവട്ടെ എവിടെയും എം എസ് എഫിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണിത്. സമുദായത്തിന്റെ കുട ചൂടി, മതം പറഞ്ഞ് കരഞ്ഞ്, വിശുദ്ധ ഗ്രന്ഥം തൊട്ട് ആണയിടീച്ചല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നില്ലവർ.
ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുടെ തലച്ചോറുകളെ ക്ലാസ്സ് മുറിയിൽ കയറി ഇത്തരത്തിൽ പറയാൻ പാകപ്പെടുത്തുക എന്നത് മാത്രമാണ് ഇന്നവർ നടത്തുന്ന സംഘടനാ പ്രവർത്തനം.ഈ പ്രവർത്തനത്തിന്റെ ട്രെയിനർമാരോ എം എസ് എഫിന്റെ ചിറകിൻ കീഴിൽ അവർ സംരക്ഷിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും. അവയിൽ നിരോധിക്കപ്പെട്ട പഴയ കാമ്പസ് ഫ്രണ്ടുകാരുണ്ട്, ജമായത്ത് ഇസ്ലാമിക്കാരുണ്ട്.
രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏർപ്പാടിനെ വർഗീയത എന്നല്ലാതെ 'കഹോ നാ പ്യാർ ഹെ' എന്ന് വിളിക്കാൻ പറ്റുമോ? ഇല്ല എന്നിടത്താണ് നവാസേ ഈ തീക്കളിക്ക് നേതൃത്വം കൊടുക്കുന്ന താങ്കളെ 'ഹൃത്വിക് റോഷൻ' എന്ന് വിളിക്കാതെ തികഞ്ഞ വർഗീയവാദി എന്ന് എസ്എഫ്ഐ വിളിച്ചത്.
ഇന്ന് സംഘപരിവാർ സമൂഹത്തെ ഭിന്നിപ്പിക്കാൻ, ധ്രുവീകരണം നടത്താൻ സാധ്യമാകുന്ന പണിയാകെ എടുക്കുമ്പോൾ ആ പണി എളുപ്പമാക്കാൻ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നവാസിലൂടെ എംഎസ് എഫിനെ ഉപയോഗപ്പെടുത്തുന്നു. നവാസും അയാളുടെ എംഎസ്എഫും വിധേയത്വത്തോടെ ആ പണി എടുത്തുകൊടുക്കുന്നു. നിങ്ങളുടെ ഈ അശ്ലീല ഏർപ്പാടിനെ വിദ്യാർത്ഥി സമൂഹം തകർത്തെറിയും. അതിനുള്ള രാഷ്ട്രീയ കരുത്ത് കേരളത്തിലെ വിദ്യാർത്ഥികൾക്കുണ്ട്. എന്നാൽ നിങ്ങളീ നടത്തുന്ന തീക്കൊള്ളി കൊണ്ടുള്ള തല ചൊറിച്ചിലിന് ഈ നാടിന്റെ ചരിത്രം നിങ്ങളെ അടയാളപ്പെടുത്താൻ പോകുന്നത് മതേതരത്വത്തിന്റെ ഒറ്റുകാരൻ എന്ന നിലയ്ക്കായിരിക്കും തീർച്ച.
എസ്എഫ്ഐ ഉയർത്തിയ രാഷ്ട്രീയ വിമർശനം നിങ്ങളെ എത്രമാത്രം പൊള്ളൽ ഏൽപ്പിച്ചു എന്നത് തുടർന്നുണ്ടായ നിങ്ങളുടെ പ്രതികരണങ്ങളിലത്രയും മുഴച്ച് നിൽപ്പുണ്ടായിരുന്നു. 'വരേണ്യനായ അഗ്രഹാര പുത്രൻ, ശരീരത്തിൽ സംഘി പെറ്റു കിടക്കുന്നയാൾ, ബ്രാഹ്മണിക്കൽ കമ്മ്യൂണിസ്റ്റ്...' ഇങ്ങനെ നീളുന്നു എസ്എഫ് ഐ സെക്രട്ടറിയെ കുറിച്ചുള്ള നവാസിന്റെ വാക്പ്രയോഗങ്ങൾ.
രാഷ്ട്രീയ വിമർശനത്തിന് മറുപടി ഇല്ലാതെ വരുമ്പോൾ തിരിച്ച് പേര് നോക്കി സംഘി ചാപ്പയടിച്ചാൽ വാ പൂട്ടി മിണ്ടാതിരുന്നോളും എന്ന ക്ലാസും ലഭിച്ചത് മേൽപ്പറഞ്ഞ അതേ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ട്രെയിനർമാരുടെ പക്കൽ നിന്നാവുമല്ലേ. പക്ഷെ നിങ്ങൾക്ക് ആളും രാഷ്ട്രീയവും മാറി മിസ്റ്റർ. നവാസിനും എംഎസ്എഫിനും പരിചിതമല്ലാത്ത ഒന്നുണ്ട്. ഗ്രൗണ്ടിൽ നേർക്കുനേർ നിന്ന് സംഘപരിവാർ ഭീകരതയെ പ്രതിരോധിക്കുക എന്നത്. അവരുടെ സർവ്വ ആയുധങ്ങളുടെ മൂർച്ചയേയും കാമ്പുള്ള രാഷ്ട്രീയത്താൽ പരാജയപ്പെടുത്തുക എന്നത്. നാരങ്ങ വെള്ളം കലക്കും പോലുള്ള പണിയല്ലത്. ദേഹത്ത് മണ്ണ് പറ്റുന്ന, കാലിൽ ചെളി കുഴയുന്ന പണിയാണത്. അങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തി സംഘപരിവാറിനെ പ്രതിരോധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ.
ആ പ്രതിരോധപ്രവർത്തനത്തിലെ ജ്വലിക്കുന്ന ഏടായൊരു ഗ്രാമമുണ്ട് വടക്കൻ കേരളത്തിൽ. പാനൂർ. പാനൂരിന്റെ ഹൃദയത്തിലൂടെ നടക്കുമ്പോൾ രണ്ട് ഡസനു മുകളിൽ രക്തസാക്ഷി സ്തൂപങ്ങൾ ഉയർന്ന് നിൽക്കുന്നത് കാണാം. അതിൽ മഹാഭൂരിപക്ഷം മനുഷ്യരുടെയും ജീവനെടുത്തത് സംഘപരിവാറായിരുന്നു. പാനൂർ അങ്ങാടിയിലേക്കിറങ്ങുന്ന മനുഷ്യരുടെ മുതുക് ദണ്ഡയാൽ തല്ലി പൊളിക്കുന്ന ഇന്നലെകൾ ഉണ്ടായിരുന്നു. ഒരക്രമണത്തിലും തളരാതെ, ഡസൺ കണക്കിന് മനുഷ്യരുടെ ചെങ്കൊടി പൊതിഞ്ഞ ശരീരം കൈകളിൽ ഏറ്റുവാങ്ങുമ്പോഴും പതറാതെയാ പ്രതിരോധത്തിന് മൂർച്ച കൂട്ടി, പരിവാരത്തെ ചെറുത്ത് തോൽപ്പിച്ച മണ്ണാണത്.
അതേ പാനൂരിൽ സംഘടനാ പ്രവർത്തനം നടത്തി, സംഘിനോട് ഗ്രൗണ്ടിൽ നേർക്കുനേർ പോരാടി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ പി.എസ്സഞ്ജീവിന് ആർഎസ്എസ് ചാപ്പയടിക്കാൻ നവാസേ നിന്റെ ചിറകിന് കീഴിലെ കാമ്പസ് ഫ്രണ്ടുകാരന്റെ ചീഞ്ഞ തലച്ചോറിനാവില്ല...എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും നിയന്ത്രിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി മാറിയ നവാസേ, നീയും നിന്റെ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് കൂട്ടുകൃഷിക്കാരും ആവുന്നത്ര കൂട്ട്. കൂട്ടിയാൽ കൂടുമോ എന്ന് നമുക്ക് നോക്കാം.