Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് നൽകിയത്
സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.
പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പിഎം ശ്രീമരവിപ്പിക്കുന്നതിന് കത്തയക്കുന്നകാര്യത്തിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എൽഡിഎഫ് തീരുമാനം അക്ഷരം പ്രതി നടപ്പാക്കപ്പെടുമെന്നും കത്ത് നൽകാൻ പ്രത്യേകം മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.