'നിങ്ങളിൽനിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ല; കെ. സുരേന്ദ്രനെതിരെ പി.എം.എ സലാം

''യു.സി രാമൻ മാത്രമല്ല, ആയിരം രാമൻമാർക്ക് ഞങ്ങൾ ഇത്തവണയും അംഗത്വം നൽകിയിട്ടുണ്ട്, ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ മുസ്ലീം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്''

Update: 2022-12-11 16:26 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ. സുരേന്ദ്രനിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ലെന്ന് പി.എം.എ സലാം പ്രതികരിച്ചു. രക്തത്തിലും മജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗെന്ന കെ സുരേന്ദ്രന്റെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ മുസ്ലീം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

പി.എം.എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

ലീഗ് വർഗീയ പാർട്ടിയാണോ അല്ലയോ എന്ന ചർച്ച ഒരിക്കൽ കൂടി അരങ്ങിലെത്തുമ്പോൾ കേരളത്തിന്റെ കഴിഞ്ഞ കാല രാഷ്ട്രീയ സാമൂഹ്യ മണ്ഢലത്തെ ഇഴകീറി പരിശോധിക്കുന്ന ആർക്കും മുസ്ലീം ലീഗ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയ നിലപാടുകൾ സ്വീകരിച്ചതായി കാണാൻ സാധിക്കില്ല എന്നത് പരമമായ യാഥാർത്ഥ്യമാണ്. ലീഗിൻറെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾക്ക് സി.പി.എം അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പുതിയ സാഹചര്യത്തിൽ ഇത് തീരേ ദഹിക്കാത്ത ഒരു പാർട്ടിയായി കേരളത്തിൽ അവശേഷിക്കുന്നത് ബി.ജെ.പി മാത്രമാണ്.

''രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയത ഉളള പാർട്ടിയാണ് മുസ്ലീം ലീഗ്. മുസ്ലീംകൾക്ക് മാത്രം അംഗത്വം നൽകുന്ന പാർട്ടിയാണ്, യു.സി രാമന് പോലും ലീഗിൽ അംഗത്വമില്ല'' ഇങ്ങനെ പോകുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറിൻറെ ലീഗിനെതിരെയുളള പുതിയ ആരോപണങ്ങൾ.

''പാകിസ്ഥാനിലേക്കല്ല, നമുക്ക് ഇന്ത്യയെന്ന ബഹുസ്വരതയിൽ അലിഞ്ഞ് ചേരാമെന്ന്'' ആഹ്വാനം ചെയ്ത ഖാഇദെ മില്ലത്തിൻറെ പിറകിൽ അണി നിരന്ന് അന്ന് മുതൽ ഇന്ന് വരെ രാജ്യത്തിൻറെ ഐക്യവും അഖണ്ഢതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിൻറെ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്ലീം ലീഗ് എന്ന് ബി.ജെ.പി നേതാക്കൾക്ക് അറിയാഞ്ഞിട്ടല്ല.

മുസ്ലീം ലീഗിനെതിരിൽ വർഗീയത ആരോപിക്കുന്ന ബി.ജെ.പി പ്രസിഡൻറിനോട് ഒന്നേ പറയാനുളളൂ.. നിങ്ങളിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്ലീംലീഗിനില്ല. പിന്നെ യു.സി രാമൻറെ മെമ്പർഷിപ്പിൻറെ കാര്യം, ഒരു യു.സി രാമൻ മാത്രമല്ല ആയിരം രാമൻമാർക്ക് ഞങ്ങൾ ഇത്തവണയും അംഗത്വം നൽകിയിട്ടുണ്ട്, ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ മുസ്ലീം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങൾക്കില്ല.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News