'തിരൂരങ്ങാടിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ രാത്രി വന്ന് കരഞ്ഞ് കാലുപിടിച്ചു'; രണ്ടത്താണിയെ പരിഹസിച്ച് പി.എം.എ സലാം
'സ്ഥാനാര്‍ഥിയെക്കുറിച്ച് തിരൂരങ്ങാടിയിലെ ഒരു യുഡിഎഫ് പ്രവര്‍ത്തകനും പ്രശ്‌നമില്ല'
മലപ്പുറം: തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരിഹസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞ് തിരിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ച് തിരൂരങ്ങാടിയിലെ ഒരു യുഡിഎഫ് പ്രവര്‍ത്തകനും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെയും പി.എം.എ സലാം പരിഹസിച്ചു. മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ ആളെ കിട്ടാത്തത് കൊണ്ട് സിപിഎം നേതാക്കള്‍ ലീഗ് നേതാക്കളുടെ വീടുകള്‍ കയറി നിരങ്ങുകയാണ്. താനൂരില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും അടിയന്തരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും സലാം പരിഹസിച്ചു.
തിരൂരങ്ങാടിയില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്ഥാനാര്‍ഥി പി.എം.എ സമീര്‍ പ്രതികരിച്ചു. താനൂരിലെ കപ്പല്‍ മുങ്ങിയത് തിരിച്ചറിഞ്ഞത് കൊണ്ടാണ് മന്ത്രി വി. അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതെന്ന് മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.
പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ അബ്ദുറഹ്മാന്‍ രണ്ടത്താണി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ രണ്ടത്താണി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗില്‍ തുടരുമെന്ന് അറിയിക്കുകയുമായിരുന്നു.