സിപിഎം ഭരണത്തിൽ പൊലീസ് അഴിഞ്ഞാടുന്നു, രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള പൊലീസുകാർക്ക് ഉചിതമായ സമ്മാനം നൽകും; കെഎസ്‌യു
ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും, രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള പൊലീസുകാർക്ക് ഉചിതമായ സമ്മാനം നൽകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: സിപിഎം ഭരണത്തിൽ പൊലീസ് അഴിഞ്ഞാടുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
പൊലീസ് അതിക്രമങ്ങൾക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ വനിതാ പ്രവർത്തകർ ഉൾപ്പടെയുള്ളവരോട് പൊലീസ് പെരുമാറിയ ശൈലി പ്രതിഷേധാർഹമാണ്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജാ വിജയകുമാർ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരോട് പൊലീസ് പെരുമാറിയത് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന വേലക്കാരിയെ പോലെയാണ്. അധിക്ഷേപിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ഗൗജാ വിജയകുമാറിന്റെ മുഖത്ത് അടിച്ചു. ഡ്രസ്സ് വലിച്ചു കീറാൻ ശ്രമിച്ചു.
പ്രതിഷേധങ്ങളെ അധിക്ഷേപിച്ചും മർദ്ദിച്ചും അടിച്ചമർത്താം എന്ന് കരുതേണ്ട. ഗുണ്ടാ പൊലീസിന്റെ കൊള്ളരുതായ്മകളെ തുടർന്നും ചോദ്യം ചെയ്യും. ആഭ്യന്തര വകുപ്പ് നാഥനില്ല കളരിയായി മാറിയെന്നും, രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള പൊലീസുകാർക്ക് ഉചിതമായ സമ്മാനം നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കേരളത്തിൽ വർദ്ധിച്ചുവരുന്ന പൊലീസ് രാജിനെതിരെയും, പിണറായി വിജയൻ അഭ്യന്തര വകുപ്പ് ഒഴിയണം എന്ന് ആവശ്യപ്പെട്ടും നാളെ (സെപ്റ്റംബർ 18,വ്യാഴം )നിയമസഭയിലേക്ക് കെഎസ്‌യു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.