മൈക്കിനെ വെറുതെ വിട്ട് പൊലീസ്; കേസ് അവസാനിപ്പിച്ചു, തലയൂരി സർക്കാർ

മുഖ്യമന്ത്രി ഇടപെട്ടാണ് കേസ് അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞെന്നും ഉപജീവനമായതിനാൽ ഇനിയും വി.ഐ.പി പരിപാടികൾക്ക് പോകുമെന്നും ഉടമ രഞ്ജിത് മീഡിയ വണ്ണിനോട് പറഞ്ഞു.

Update: 2023-07-26 11:44 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായതിനെടുത്ത കേസ് അവസാനിപ്പിച്ചെന്ന് പൊലീസ്. മൈക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് ഉടമ രഞ്ജിത്തിന് തിരികെ നൽകി. മുഖ്യമന്ത്രി ഇടപെട്ടാണ് കേസ് അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞെന്നും ഉപജീവനമായതിനാൽ ഇനിയും വി.ഐ.പി പരിപാടികൾക്ക് പോകുമെന്നും രഞ്ജിത് മീഡിയ വണ്ണിനോട് പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന് തകരാർ സംഭവിച്ചത് മനഃപൂർവമാണെന്നായിരുന്നു പൊലീസ് എഫ്.ഐ.ആർ. സംഭവം സർക്കാരിന് നാണക്കേടുണ്ടാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും പോലീസ് ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു. 

Advertising
Advertising

പ്രതിപക്ഷം സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നടപടി. മൈക്കിനെ പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ചിരിപ്പിച്ച് കൊല്ലരുതെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് കേസെടുത്തതെന്നും ആരോപിച്ചു. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂർത്തിയാക്കി മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് കൈമാറിയത്. 

 വെറും പത്ത് സെക്കൻ്റ് സംഭവിച്ചത് സ്വാഭാവിക തകരാണെന്ന് മൈക്കുടമ നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും പോലീസ് കണക്കിലെടുത്തില്ല. നിസ്സാര ശബ്ദ തകരാറിന് എന്ത് കൊണ്ട് പൊലീസ് കേസെടുത്തതെന്ന ചോദ്യത്തിന് മറുപടി നൽകാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News