'കിറ്റെക്സ് കമ്പനി കേരളം വിട്ടതിന് പിന്നിൽ രാഷ്ട്രീയം, പ്രഖ്യാപിച്ച ഉടൻ വിമാനം വന്നത് ഇതിന് തെളിവ്'; എ വിജയരാഘവൻ

കിറ്റെക്സ് കമ്പനി കേരളം വിട്ടത് യാദൃശ്ചികമല്ലെന്നും വിജയരാഘവൻ പ്രതികരിച്ചു

Update: 2021-07-10 11:56 GMT

കിറ്റെക്സ് കമ്പനി കേരളം വിട്ടത് യാദൃശ്ചികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കേരളം വിടുമെന്ന് പ്രഖ്യാപിച്ച ഉടൻ വിമാനം വന്നത് ഇതിന് തെളിവാണെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്സ് ഗ്രൂപ്പിനെ കര്‍‌ണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്സിന്‍റെ വ്യവസായ സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി. കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ക്കായി തെലങ്കാന സർക്കാരും കിറ്റെക്സും തമ്മിലെ ചർച്ച പുരോഗമിക്കുകയാണ്.

Advertising
Advertising

തെലങ്കാനയില്‍ 1000 കോടിയുടെ വ്യവസായ പദ്ധതിക്ക് ധാരണയായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി ഫോണില്‍ സംസാരിച്ചത്. കിറ്റെക്സ് ഗ്രൂപ്പിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്തതിന് പുറമെ വ്യവസായ സംരംഭങ്ങള്‍ക്കുളള കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയും അറിയിച്ചു. കര്‍ണാടകയിൽ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ കിറ്റെക്സ് എം.ഡി സാബു ജേക്കബും സംഘവും കൂടുതല്‍ വ്യവസായ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ നടത്തുകയാണ്.

കേരളത്തില്‍ നിന്ന് 3500 കോടിയുടെ പദ്ധതി പിന്‍വലിച്ചതിന് പിന്നാലെ തെലങ്കാന ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളാണ് കിറ്റെക്സ് ഗ്രൂപ്പിനെ തങ്ങളുടെ നാട്ടില്‍ സംരംഭം ആരംഭിക്കാന്‍ ക്ഷണിച്ചത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എന്ന സവിശേഷതയാണ് തെലങ്കാനയെ തെരഞ്ഞെടുക്കാനുളള കാരണമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ടെക്സ്റ്റൈല്‍ അപ്പാരല്‍ പദ്ധതി തുടങ്ങാനാണ് കരാര്‍. 4000 പേര്‍ക്ക് തൊഴിലവസരം നല്‍‌കാനാകുന്നതാണ് പദ്ധതിയെന്നും കിറ്റെക്സ് വ്യക്തമാക്കിയിരുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News