ഭാര്യക്ക് കോവിഡ്; പശുവിന് പുല്ലരിയാന്‍ പറമ്പിലേക്കിറങ്ങിയ കര്‍ഷകന് 2000 രൂപ പിഴയിട്ട് പൊലീസ്

തൊഴിലുറപ്പ് പദ്ധതിക്ക് പോവാനായി ടെസ്റ്റ് ചെയ്തപ്പോഴാണ് നാരായണന്റെ ഭാര്യ ഷൈലജക്ക് കോവിഡ് പോസിറ്റീവായത്. ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Update: 2021-07-30 10:53 GMT
Advertising

പശുവിന് പുല്ലരിയാന്‍ പറമ്പിലേക്കിറങ്ങിയ ക്ഷീര കര്‍ഷകന് 2000 രൂപ പിഴയിട്ട് പൊലീസ്. കോവിഡ് ബാധിതയായ ഭാര്യയുമായി പ്രൈമറി കോണ്‍ടാക്ട് ഉണ്ടെന്നാരോപിച്ചാണ് പിഴചുമത്തിയത്. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് കാസര്‍ഗോഡ് അമ്പലത്തറ പൊലീസ് പിഴചുമത്തിയതെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

തന്റെ സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. മാസ്‌ക് ധരിച്ചാണ് താന്‍ പുറത്തിറങ്ങിയത്. പുല്ലരിഞ്ഞാല്‍ കൊറോണ പകരുമെന്ന് അറിയില്ലായിരുന്നു. ആളുകള്‍ തമ്മില്‍ അടുത്തിടപഴകിയാല്‍ മാത്രമാണ് കോവിഡ് പകരുകയെന്നാണ് താന്‍ കരുതിയിരുന്നത്-നാരായണന്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് പോവാനായി ടെസ്റ്റ് ചെയ്തപ്പോഴാണ് നാരായണന്റെ ഭാര്യ ഷൈലജക്ക് കോവിഡ് പോസിറ്റീവായത്. ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരില്‍ നിന്ന് ആരും പാല് വാങ്ങാതായി. സ്‌കൂളില്‍ പോവുന്ന രണ്ട് മക്കളും ഇളയ സഹോദരനും അമ്മയും അടങ്ങുന്ന നാരായണന്റെ കുടുംബം ജീവിക്കുന്നത് പാല് വിറ്റാണ്.

50,000 രൂപ ലോണ്‍ എടുത്താണ് പശുവിനെ വാങ്ങിയത്. ദിവസവും എട്ട് ലിറ്റര്‍ പാല്‍ കിട്ടും. അത് വിറ്റാണ് ഞങ്ങള്‍ ജീവിക്കുന്നത്. പക്ഷെ അതിന് പുല്ല് കൊടുത്തില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പാല് കിട്ടുകയെന്ന് നാരായണന്‍ ചോദിക്കുന്നു. മറ്റാരെക്കൊണ്ടെങ്കിലും പുല്ലരിയിക്കണമായിരുന്നു എന്നാണ് പൊലീസ് പറയുന്നു. തന്റെ പശുവിന് പുല്ലരിയാന്‍ വേറെ ആരാണ് വരികയെന്നാണ് നാരായണന്‍ ചോദിക്കുന്നത്.

പത്താംക്ലാസില്‍ പഠിക്കുന്ന മകന് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ബന്ധു നല്‍കിയ ഒരു പഴയ ഫോണാണ് അവന്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ രണ്ട് മക്കളും തമ്മില്‍ ഫോണിന് വേണ്ടി പിടിവലിയാണ്. 17 ദിവസം താന്‍ വീട്ടില്‍ അടച്ചിരിക്കണമെന്നാണ് പൊലീസ് പറയുന്നത്. തന്റെ ഭാര്യക്കോ സഹോദരനോ ജോലിയില്ല. പശുവിന് പുല്ലരിയാന്‍ പോലും സമ്മതിക്കില്ലെങ്കില്‍ തന്റെ കുടുംബം എങ്ങനെയാണ് ജീവിക്കുക. ഭാര്യാ സഹോദരനാണ് പിഴയടക്കാനുള്ള പണം തന്നതെന്നും നാരായണന്‍ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News