'എല്‍ഡിഎഫിനെ തടുക്കാൻ,പിണറായിയെ അടിച്ചിടാൻ സുധാകരന് മാത്രമേ സാധിക്കൂ...'; കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട്ട് പോസ്റ്റർ
കോൺഗ്രസ് രക്ഷാവേദിയുടെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്
പാലക്കാട്: കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട് പോസ്റ്റർ ഡി.സി.സി ഓഫിസ് പരിസരത്താണ് പോസ്റ്റർ പതിച്ചത്.കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാരെന്നും പിണറായിയെ അടിച്ചിടാൻ സുധാകരന് മാത്രമാണ് സാധിക്കുകയെന്നും എല്‍ഡിഎഫിനെ തടുക്കാൻ സുധാകരന് മാത്രമേ സാധിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്.
'എൽഡിഎഫിനെ തടുക്കാൻ,സിപിഎമ്മിനെ നിലക്ക് നിർത്താൻ,പിണറായിയെ അടിച്ചിടാൻ കെ.സുധാകരന് മാത്രമേ കഴിയൂ'..എന്നാണ് മറ്റൊരു പോസ്റ്ററിലുള്ളത്.കോൺഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
അതേസമയം,കെ.സുധാകരന്റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നീക്കം.പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് സാധ്യത..
സുധാകരനുമായി ഹൈക്കമാന്‍ഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. കെ.സി വേണുഗോപാൽ ഡൽഹിയിൽ എത്തിയശേഷം ഫോണിൽ ബന്ധപ്പെടാനാണ് സാധ്യത. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് മാറ്റിയതും ഹൈക്കമാന്‍ഡ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.