ഗവർണർക്ക് തിരിച്ചടി; ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ബില്ലിൽ തീരുമാനമെടുക്കാനായി ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു

Update: 2024-02-28 17:34 GMT
Advertising

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായാണ് തീരുമാനം. സർക്കാറും ഗവർണറും തമ്മിലുള്ള പോരിനൊടുവിൽ ബില്ലിൽ തീരുമാനമെടുക്കാനായി ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു. സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗവർണർ തീരുമാനമെടുത്തിരുന്നില്ല. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായിരുന്നു ബിൽ.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിക്കയച്ചിരുന്നത്. ലോകായുക്താ നിയമഭേദഗതി, സർവകലാശാല ഭേദഗതി ബിൽ, സഹകരണഭേദഗതി ബിൽ എന്നിവ ഉൾപ്പെടെയാണ് രാഷ്ട്രപതിക്ക് വിട്ടത്. ഇവയിൽ താൻ ഒപ്പിടില്ലെന്ന് വാശിപിടിച്ചായിരുന്നു ഗവർണറുടെ നടപടി. അതേസമയം, പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. എട്ട് ബില്ലുകളാണ് ഗവർണറുടെ പക്കലുണ്ടായിരുന്നത്. ഇതിൽ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. ഇതോടെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ രണ്ട് ഹരജികൾ സമർപ്പിച്ചു. ഈ കേസ് പരിഗണിക്കുന്നതിന്റെ തലേന്നാണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.

രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ചിലത് നേരത്തെ ഓർഡിനൻസായി എത്തിയപ്പോൾ ഗവർണർ അംഗീകരിച്ചവയാണ്. സർവകലാശാല ഭേദഗതി ബിൽ, മിൽമ ബിൽ, സഹകരണ ഭേദഗതി ബിൽ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഓർഡിനൻസ് ആയിരുന്നപ്പോൾ അംഗീകരിച്ച ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സർക്കാറിന് ലഭിച്ച നിയമപദേശത്തിൽ പറഞ്ഞിരുന്നു. ഓർഡിനൻസുകളിൽ നിന്നും മാറ്റമില്ലാതെയാണ് ബില്ലുകൾ തയ്യാറാക്കിയത്. എന്നിട്ടും തടഞ്ഞുവെച്ചത് മറ്റ് താൽപര്യങ്ങൾ കൊണ്ടാകാം എന്നും വിലയിരുത്തണ്ടായിരുന്നു. സുപ്രിംകോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാൻ, അഡ്വ. കെ.കെ വേണുഗോപാൽ എന്നിവരിൽ നിന്നാണ് സർക്കാർ വീണ്ടും നിയമോപദേശം തേടിയിരുന്നത്.

2022 ആഗസ്തിലാണ് ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചിരുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News