ബലാത്സംഗക്കേസ്; നിര്‍മാതാവ് വിജയ് ബാബു ഒളിവിലെന്ന് പൊലീസ്, അന്വേഷണം ഊര്‍ജിതമാക്കി

വിജയ് ബാബുവിനെ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല

Update: 2022-04-27 01:30 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: കോഴിക്കോട് സ്വദേശിനിയുടെ പരാതിപ്രകാരം കേസെടുത്തതിനു പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ് നിഗമനം. വിജയ് ബാബുവിനെ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്താലാണ് പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്.

Advertising
Advertising

കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പരാതി വാർത്തയായതിന് പിന്നാലെ തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിജയ്ബാബു ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ലൈവ്. താൻ തെറ്റ് ചെയ്യാത്തതിനാൽ കേസ് ഭയക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്‍റെ വിശദീകരണം. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു അതിനുള്ള കേസ് നേരിടാൻ തയ്യാറാണെന്നും ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യഥാർഥ ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News