സിനിമ നിർമ്മാതാക്കളുടെ തർക്കം രൂക്ഷമാകുന്നു; സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സംഘടന യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമർശിക്കുന്നതെന്നും കുറ്റപ്പെടുത്തൽ
കൊച്ചി: സിനിമാ നിർമാതാക്കളുടെ തർക്കത്തിൽ സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സുരേഷ് കുമാറിനെ ആക്രമിക്കാൻ അനുവദിക്കില്ല.സംഘടന യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമർശിക്കുന്നതെന്നും ഒരു വിഭാഗം നിർമ്മാതാക്കൾ കുറ്റപ്പെടുത്തി. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന ഇറക്കും.
സിനിമ സമരം അടക്കം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞു. വിഷയത്തിൽ ആന്റണി പെരുമ്പാവൂരിലെ നേരിട്ട് കണ്ട് ചർച്ച നടത്താനും അസോസിയേഷൻ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സുരേഷ് കുമാറും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിർമാതാക്കളും തമ്മിലാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിൻ സെക്രട്ടറി സന്ദീപ് സേനൻ പറഞ്ഞു. സംഘടനക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ല. അഭിനേതാക്കളാണ് സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും സന്ദീപ് സേനൻ മീഡിയവണിനോട് പറഞ്ഞു.
ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസിൽ ജോസഫും, നടി അപർണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനും ഇന്നലെ തന്നെ ആന്റണി പെരുമ്പാവൂരിന് പിന്തുണ അറിയിച്ചിരുന്നു.
അതേസമയം, സിനിമ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാറിന്റെ കത്ത് സർക്കാരിന് ലഭിച്ചുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്നു വിഷയങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. പരിശോധിക്കാൻ സെക്രട്ടറിയെ ഏൽപ്പിച്ചു. നിർമാതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ തന്നെ പരിഹരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.