പാലത്തായി പീഡനക്കേസിൽ മതതീവ്രവാദം ആരോപിച്ച് പ്രതിഭാ​ഗം; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാ വിധി മൂന്ന് മണിക്ക്

മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

Update: 2025-11-15 07:39 GMT

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജനെതിരായ ശിക്ഷാവിധി മൂന്ന് മണിക്ക്. കേസിൽ രാവിലെ 11.30ഓടെ തലശേരി ജില്ലാ പോക്സോ കോടതിയിൽ നടപടിക്രമങ്ങൾ തുടങ്ങി. പ്രതിയെ ഇന്നലെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ന് വീണ്ടും വാദം കേട്ടപ്പോൾ, മതതീവ്രവാദം ഉൾപ്പെടെയുള്ള ആരോപണവുമായി പ്രതിഭാ​ഗം രം​ഗത്തെത്തി.

പ്രതിഭാഗത്തിന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ, പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടെന്ന വാദവുമായി കേസിനെ വഴിതിരിച്ചുവിടാൻ അഭിഭാഷകൻ ശ്രമിക്കുകയായിരുന്നു. പത്മരാജന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ മതതീവ്രവാദ സംഘടനകളാണ് ഉത്തരവാദികളെന്നും പ്രതിഭാ​ഗം വാദിച്ചു.

Advertising
Advertising

എന്നാൽ, ഇത് പോക്‌സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും ജഡ്ജി ജലജാറാണി പറഞ്ഞു.

മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസ് കെട്ടിചമച്ചതാണ്. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ അതൊന്നും പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള അധ്യാപകൻ നടത്തിയ ക്രൂരതയിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസിൽ കേസിൽ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി ഇന്നലെ കണ്ടെത്തിയത്.

നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐ.ജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസിൽ നിർണായകമായത്.

അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരത അന്വേഷണ ഉദ്യോഗസ്ഥരും മജിസ്ട്രേറ്റുമടക്കമുള്ളവർക്ക് മുന്നിൽ നിരവധി തവണ വിവരിക്കേണ്ടി വന്ന പത്തു വയസുകാരിയും അവരുടെ കുടുംബവും അനുഭവിച്ച വേദനയാണ് പാലത്തായി കേസിൽ ഏറ്റവും പ്രധാനം. കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കേസിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രാധാന്യത്തോടെ കണ്ടത്.

നിയമത്തിൻ്റെ സാധ്യതകളിലൂടെ ബിജെപി പ്രാദേശിക നേതാവായ പ്രതിയെ രക്ഷിച്ചെടുക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരടക്കം ശ്രമിച്ചത്. പോക്സോ കേസിൽ ഇരയുടെ അവകാശങ്ങളെ പോലും മുതിർന്ന ഉദ്യോഗസ്ഥർ അവഗണിച്ചു എന്ന് ഡിഐജി ശ്രീജിത്തിൻ്റെ ഫോൺ സംഭാഷണം സാക്ഷ്യപ്പെടുത്തുന്നു.

വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥരടക്കം കേസിൽ പെൺകുട്ടിയുടെ ഭാഗം ശരിയായി മനസിലാക്കിയല്ല ഇടപെട്ടതെന്ന് ആക്ഷേപം ഉണ്ട്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കിടയിലും നിയമത്തെ വിശ്വസിച്ച് മുന്നോട്ടുപോയ കുടുംബത്തിൻ്റെ നിശ്ചയദാർഢ്യമാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്.

ഇന്നലെയാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നേരിട്ട ക്രൂരതൾക്കൊപ്പം നിയമത്തിൻ്റെ പേരിലുള്ള കുരുക്കുകളും മറികടന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് ശിശുദിനത്തിൽ ആയത് യാദൃശ്ചികമാണെങ്കിലും അർഥവത്താണ്.


Full View



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News