പിഎസ്‌സി കോഴ വിവാദം വിജിലൻസ് അന്വേഷിക്കണമെന്ന് യൂത്ത്‌ലീഗ്

കോഴ കൊടുത്ത് പിഎസ്‌സിയില്‍ കയറുന്നയാള്‍ ഉദ്യോഗാർത്ഥികളിൽനിന്ന് പണം ഈടാക്കാൻ ശ്രമിക്കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്

Update: 2021-07-04 15:00 GMT
Editor : Shaheer | By : Web Desk

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി ഐഎൻഎൽ നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്‌ലീഗ്. സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.

കോഴ കൊടുത്ത് ഒരാൾ പിഎസ്‌സി അംഗത്വത്തിലെത്തുമ്പോൾ ആ പണം തിരിച്ചുപിടിക്കാൻ അയാൾ പല നിയമവിരുദ്ധമായ ഇടപാടുകളും നടത്തും. ഉദ്യോഗാർത്ഥികളോട് പണം വാങ്ങാനുള്ള ശ്രമമുണ്ടായേക്കാം. ഇതുവഴി പിഎസ്‌സി എന്ന ഭരണഘടനാ സ്ഥാപനത്തെ തന്നെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള ശ്രമമമാണ് ഇടതുസർക്കാർ നടത്തുന്നത്. അതുകൊണ്ട് വിഷയം പുറത്തുവന്ന ഈ ഘട്ടത്തിൽ തന്നെ ഇടപെട്ട് വിജിലൻസ് അന്വേഷണം നടത്തി പ്രതികൾ ആരാണെന്ന് കണ്ടെത്തണം. ആരാണ് പണം വാങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Advertising
Advertising

പാർട്ടിക്ക് ലഭിച്ച പിഎസ്സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് കച്ചവടം ചെയ്തെന്ന ആരോപണമാണ് ഐഎൻഎൽ നേതൃത്വത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആണ് കോഴ ആരോപണമുന്നയിച്ചത്. പാർട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാൻ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇസി മുഹമ്മദ് പറഞ്ഞു. എന്നാൽ, പിഎസ്സി കോഴ ആരോപണം ഉന്നയിച്ചയാൾക്ക് ഐഎൻഎല്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു കാസിം ഇരിക്കൂറിന്റെ പ്രതികരണം.

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്. അബ്ദുൽ സമദിനെ പിഎസ്സി അംഗമാക്കാൻ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്ന് ഇസി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്നുപേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാൻ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാൻ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരന്തൂർ മർക്കസ് ഐടിഐയിൽ ചേർന്ന ഒരു ദിവസം നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തസ്തികയ്ക്ക് കോഴ വാങ്ങാനുള്ള തീരുമാനമെടുത്തത്. തുടർന്നുള്ള എല്ലാ നിയമനങ്ങളിലും ഈ പതിവ് ആവർത്തിക്കാനും ഐഎൻഎൽ സെക്രട്ടേറിയറ്റിൽ തീരുമാനമായതായി ഇസി മുഹമ്മദ് ആരോപിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News