പിഎസ്‌സി; കമ്പനി/കോർപറേഷൻ അസിസ്റ്റന്റിന് 7.80 ലക്ഷം അപേക്ഷകർ
2 കാറ്റഗറിയിലുമായി 1.10 ലക്ഷം അപേക്ഷകർ കൂടുതൽ
തിരുവനന്തപുരം: കമ്പനി/ബോർഡ്/ കോർപറേഷൻ അസിസ്റ്റന്റ് വിജ്ഞാപനത്തിന് രണ്ട് കാറ്റഗറികളിലായി 7,80,654 അപേക്ഷകർ. കൂടുതൽ ആളുകളും രണ്ട് വിജ്ഞാപനങ്ങളിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വിജ്ഞാപനത്തെ അപേക്ഷിച്ച് രണ്ട് കാറ്റഗറിയിലുമായി 1.10 ലക്ഷം അപേക്ഷകർ വർധിച്ചിട്ടുണ്ട്.
കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ കാറ്റഗറിയിൽ ( 382/2025) 3,95,652 പേരുടെ അപേക്ഷയാണ് ലഭിച്ചത്. കെഎസ്ആർടിസി, സിഡ്‌കോ ഉൾപ്പടെയുള്ള രണ്ടാമത്തെ കാറ്റഗറിയിൽ (383/2025) ക്ക് 3,85,002 അപേക്ഷകരാണ് ഉള്ളത്. രണ്ട് കാറ്റഗറിയിലും കഴിഞ്ഞ തവണത്തേക്കാൾ അപേക്ഷകർ കൂടുതലാണ്. കാറ്റഗറി ഒന്നിൽ 23742 അപേക്ഷകരും കാറ്റഗറി രണ്ടിൽ 86,808 അപേക്ഷകരുമാണ് വർധിച്ചിട്ടുള്ളത്.
കഴിഞ്ഞ തവണ രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.മുൻ വിജ്ഞാപനങ്ങളിൽ ഓരോ കാറ്റഗറിയിലും ആറുലക്ഷം വീതം അപേക്ഷകൾ ലഭിച്ചിരുന്നു. കഴിഞ്ഞ വിജ്ഞാപനം മുതൽ അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ബിരുദതല പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവരർക്കായിരിക്കും മുഖ്യ പരീക്ഷ ഉണ്ടാവുക.