മുഖ്യമന്ത്രിയുടെ അമേരിക്കയിലുള്ള ചികിത്സ: ആരോഗ്യമേഖലയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞു; കെഎംസിസി നേതാവ് പുത്തൂർ റഹ്‌മാൻ

വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ല, എന്നിട്ടല്ലേ മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതിന് അവര്‍ രാജി വെക്കുന്നതെന്നും പുത്തൂര്‍ റഹ്മാന്‍

Update: 2025-07-08 10:35 GMT
Editor : rishad | By : Web Desk

പുത്തൂർ റഹ്‌മാൻ-വീണാ ജോര്‍ജ്- പിണറായി വിജയന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികിത്സാ യാത്ര സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞതായി ഗ്ലോബല്‍ കെഎംസിസിസി ജനറൽ സെക്രട്ടറി പുത്തൂര്‍ റഹ്മാന്‍.

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ ആണെന്നുള്ള അവകാശവാദവും നാട്ടിലെ അതിസമ്പന്നര്‍ വരേ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ഇപ്പോള്‍ ചികിത്സക്കെത്തുന്നത് എന്ന പൊള്ളയായ പറച്ചിലും കേട്ടിട്ട് വിദഗ്ധ ചികില്‍സ ആവശ്യമുള്ള ഞാന്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നതാണ്. എന്നാല്‍, വിദഗ്ധ ചികിത്സക്ക് അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നുവെന്നും പുത്തൂര്‍ റഹ്മാന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ ആണെന്നുള്ള അവകാശവാദവും നാട്ടിലെ അതിസമ്പന്നര്‍ വരേ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ഇപ്പോള്‍ ചികിത്സക്കെത്തുന്നത് എന്ന പൊള്ളയായ പറച്ചിലും കേട്ടിട്ട് വിദഗ്ധ ചികില്‍സ ആവശ്യമുള്ള ഞാന്‍ ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നതാണ്. എന്നാല്‍, വിദഗ്ധ ചികിത്സക്ക് അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നു. ആരോഗ്യരംഗം എത്രമാത്രം ശോചനീയമായ അവസ്ഥയിലാണെന്ന് എന്റെ ആശുപത്രി വാസ ദിനങ്ങളില്‍ നേരിട്ടറിഞ്ഞു.

രാഷ്ട്രീയക്കാരിയല്ലാത്ത ഒരു മീഡിയ സെലിബ്രറ്റിയെ പിടിച്ചു മന്ത്രിയാക്കുന്നത് രണ്ടാം പിണറായി ഭരണത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീടാണ് കൃസ്ത്യന്‍ സഭകളുടെ താല്‍പര്യപ്രകാരമാണ് ആ നറുക്കു വീണതെന്ന് സാമുദായിക സമവാക്യങ്ങളില്‍ വിവരമുള്ളവര്‍ പറഞ്ഞറിയുന്നത്. ഏതായാലും "അമേരിക്കയില്‍ നിന്നുവരെ സഹായത്തിനുള്ള അപേക്ഷകള്‍ ലഭിച്ച" മുന്‍ ആരോഗ്യ മന്ത്രിയെ മൂലക്കിരുത്തി, ഒരു പരിചയവുമില്ലാത്ത വീണയെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ മറികടക്കാത്ത മന്ത്രിമാര്‍ മതി എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നു.

മലയാള അക്ഷരങ്ങളും അക്കങ്ങളും മാറിപ്പോകുന്ന വിദ്യാഭാസമന്ത്രി മുതല്‍ ഒരുപറ്റം തമാശക്കാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലധികവും. വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ല, എന്നിട്ടല്ലേ മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതിന് അവര്‍ രാജി വെക്കുന്നത്.

അതിനിടെ മുഖ്യമന്ത്രി നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ ചികില്‍സ തേടാതെ, വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. പത്തു ദിവസത്തേക്കാണ് ഈ യാത്ര. ഇക്കാലയളവിലേക്ക് ഒരു മന്ത്രിക്കും ഇന്‍ചാര്‍ജ് കൊടുത്തില്ല എന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ മന്ത്രിമാരോടുള്ള മുഖ്യമന്ത്രിയുടെ വിശ്വാസം എത്രത്തോളമെന്ന് ഒന്നുകൂടി വ്യക്തമാവുന്നു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും ചികില്‍സ തേടിയാലെന്താ, ഗാന്ധി ഇംഗ്ലണ്ടിലല്ലേ പഠനത്തിനു പോയത് എന്നാണ് അതിനിടക്ക് മഹാബുദ്ധിമാനായ എം.എ ബേബിയുടെ ചോദ്യം.

ഗാന്ധിജി സര്‍ക്കാര്‍ ചെലവിലല്ല, പോര്‍ബന്തറിലെയും രാജ്‌കോട്ടിലെയും ദിവാനായിരുന്ന കരംചന്ദ് ഗാന്ധി തന്റെ മകനെ വിദേശത്തേക്ക് പഠിക്കാനയച്ചത് എന്ന സാമാന്യബോധം പോലുമില്ല പുതിയ ദേശീയ ജനറല്‍ സെക്രട്ടറിക്ക്. മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികില്‍സാ യാത്ര ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളുടെ നഗ്നസത്യം വെളിവാക്കി എന്നതാണ് രോഗാതുരമായ സത്യം..!

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News