രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് തന്നെ തുടരുന്നതായി സൂചന

അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവ് തേടിയിരിക്കുകയാണ് പൊലീസ്

Update: 2025-11-29 02:39 GMT
Editor : Jaisy Thomas | By : Web Desk

രാഹുൽ മാങ്കൂട്ടത്തിൽ Photo| Facebook

പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടില്ലെന്ന് വിവരം. പാലക്കാട്ട് തന്നെ തുടരുന്നതായാണ് സൂചന. ജില്ലയിൽ തന്നെയുള്ള രഹസ്യകേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇന്നലെ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കൻമാര്‍ക്ക് പോലും അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. ഇന്നലെ രാവിലെ അൽപസമയം മാത്രമാണ് രാഹുലിന്‍റെ ഫോൺ ഓണായത്. പിന്നീട് ഓഫാവുകയും ചെയ്തു. അതിനിടെ അദ്ദേഹത്തിന്‍റെ എംഎൽഎ വാഹനം പാലക്കാട്ടെ ഒരു ഫ്ലാറ്റിലുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Advertising
Advertising

അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവ് തേടിയിരിക്കുകയാണ് പൊലീസ്. യുവതി നൽകിയ മെഡിക്കൽ രേഖകളുടെയും ഓഡിയോ റെക്കോഡുകളുടെയും ആധികാരികത പരിശോധിക്കുകയാണ്. ഡോക്ടർമാരുടെ അടക്കം മൊഴി രേഖപ്പെടുത്തും.

തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ അസിസ്റ്റന്‍റ് കമ്മീഷണർ വി.എസ് ദിനരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിനായുള്ള തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. രാഹുൽ രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഇന്നലെ രാഹുൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അപേക്ഷ.

നേരത്തെ, എഫ്‌ഐആറില്‍ ചുമത്തിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ എന്ന പരാതി ശരിയല്ലെന്നും അത്തരത്തില്‍ വിവാഹവാഗ്ദാനം നല്‍കി ഉപദ്രവിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ യുവതിയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനപ്പുറമുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കേസില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യമുന്നിയിച്ചിരിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News