മൺസൂൺ നേരത്തെയെത്തിയിട്ടും മഴ കുറഞ്ഞു; കഴിഞ്ഞ വർഷത്തേക്കാൾ 13 % കുറവ്
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ലഭിക്കേണ്ടിയിരുന്നതിലേക്കാളും കുറവു മഴയാണ് ലഭിച്ചതെന്ന് ഐഎംഡി ഡയറക്ടർ നീത കെ ഗോപാൽ മീഡിയവണിനോട്
Photo| MediaOne
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം കുറവ് മഴ കുറഞ്ഞു.സാധാരണയേക്കാളും എട്ട് ദിവസം മുൻപ് മൺസൂൺ ആരംഭിച്ചെങ്കിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മഴ കുറഞ്ഞെന്നും ഐഎംഡി ഡയറക്ടർ നീത കെ ഗോപാൽ മീഡിയവണിനോട് പറഞ്ഞു.
പതിവിലും നേരത്തെ മേയ് 24 ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചിരുന്നു. 2009 മെയ് 23 ലായിരുന്നു മുൻപ് സമാന രീതിയിൽ മൺസൂൺ തുടക്കം കുറിച്ചത്. നേരത്തെ മൺസൂൺ തുടങ്ങിയിട്ടും ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ കേരളത്തിലും മാഹിയിലും ലഭിക്കേണ്ടിയിരുന്ന മഴയിൽ പതിമൂന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 17 ശതമാനം ഇടിവ് സംഭവിച്ചതായും ഐ എം ഡി ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിൽ 11 ജില്ലകളിൽ സാധാരണ മഴ ലഭിച്ചപ്പോൾ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ലഭിക്കേണ്ടിയിരുന്നതിലേക്കാളും കുറവു മഴയാണ് ലഭിച്ചത്.ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ ജൂൺ 26-ന് തൃശൂരിലെ ലോവർ ഷോളയാറിലാണ്.24 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്.ജൂണിലും ജൂലൈലും നല്ല മഴ ലഭിച്ചിട്ടുണ്ട്.ആഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറവായിരുന്നു. എന്നാൽ വേനൽ മഴ നന്നായി ലഭിച്ചതിനാലും തുലാ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാലും വേനൽക്കാലത്ത് ജലക്ഷാമം ഉണ്ടാവില്ല.
അതിതീവ്ര മഴയുടെ എണ്ണം കുറവായതിനാൽ അപകടങ്ങൾ ഒഴിവായി.ന്യൂനമർദ്ദ പാത്തി കുറവായിരുന്നതും സുരക്ഷിതമായ മൺസൂണിലേക്ക് നയിച്ചു.കേരളത്തെ സ്വാധീനിക്കുന്ന ന്യൂനമർദ്ദവും കുറവായിരുന്നു. ഈ കാലവർഷത്തിൽ കൂടുതൽ മഴ ലഭിച്ചതിന് തൊട്ട് അടുത്ത ദിവസങ്ങളിൽ ഒട്ടും മഴ ലഭിക്കാത്ത കാലവസ്ഥയുണ്ടായിരുന്നു. കാലവർഷത്തിൽ എന്തെങ്കിലും മാറ്റങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വരും കാലങ്ങളിലെ ഡാറ്റകൾ ശേഖരിച്ചാലെ നിഗമനത്തിൽ എത്താൻ കഴിയൂ.