ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതിയില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ
ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
ന്യൂഡൽഹി: തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ബോധവാനാണെന്നും ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും എംപി പ്രതികരിച്ചു.
പറയാനുള്ളത് എല്ലാം പറയൂ എന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശത്തോട് ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കൂടാതെ, തന്നെപ്പോലുള്ളവരെ പാർലമെന്റ് അംഗങ്ങളാക്കിയ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടാൻ ഒരു നേതാവും തയാറാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.