റമദാന്‍റെ നിറവില്‍ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

ഇന്ന് റമദാൻ മുപ്പതും പൂർത്തിയാക്കി പെരുന്നാളിലേക്ക് നീങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. ഒമാനിൽ ഇന്ന് മാസപ്പിറയുടെ അടിസ്ഥാനത്തിലാകും പെരുന്നാൾ പ്രഖ്യാപനം

Update: 2024-04-09 01:29 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഒരുമാസം നീണ്ട റമദാൻ വ്രതത്തിനൊടുവിൽ ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഇസ്‌ലാംമത വിശ്വാസികൾ. റമദാനിൽ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക. റമദാൻ 29 ആയ ഇന്ന് മാസപ്പിറ നിരീക്ഷിക്കാൻ വിവിധയിടങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം, ഇന്ന് റമദാൻ മുപ്പതും പൂർത്തിയാക്കി പെരുന്നാളിലേക്ക് നീങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. ഒമാനിൽ ഇന്ന് മാസപ്പിറയുടെ അടിസ്ഥാനത്തിലാകും പെരുന്നാൾ പ്രഖ്യാപനം.

റമദാൻ വ്രതാനുഷ്ടാനം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും. പെരുന്നാൾ ദിനത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. ഇതോടെ പെരുന്നാൾ വിപണിയും സജീവമായിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ളവരും പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ കോഴിക്കോട് മിഠായി തെരുവിലെ ഉൾപ്പെടെ പെരുന്നാൾ വിപണിയിലെത്തിയിട്ടുണ്ട്.

ഇന്ന് മാസപ്പിറ ദൃശ്യമായാൽ നാളെ വിശ്വാസികൾ പെരുന്നാളാഘോഷത്തിൽ മുഴുകും. ഇല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാകും കേരളത്തിലെ പെരുന്നാൾ ആഘോഷം.

തിങ്കളാഴ്ച ഗൾഫിലെവിടെയും മാസപ്പിറ ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ഇന്ന് റമദാൻ മുപ്പതാം നോമ്പും പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാളിലേക്ക് നീങ്ങുന്നത്. ഗൾഫിൽ എല്ലായിടത്തും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ ഇന്ന് റമദാൻ 29 ആണ്. അതിനാൽ കേരളത്തോടൊപ്പം ഒമാനിലും മാസപ്പിറ നിരീക്ഷണം ഇന്നാണ്. ഇവിടെയും മാസപ്പിറ കണ്ടാൽ എല്ലാവർക്കും ഒരേ ദിനമാകും പെരുന്നാൾ.

മക്ക-മദീന ഹറമുകളിൽലുൾപ്പെടെ സൗദിയിൽ എല്ലാ പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമായി. സൂര്യോദയത്തിനുശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൗദിയിൽ പെരുന്നാൾ നമസ്‌കാരം. ഓരോ പ്രദേശങ്ങളിലെയും സൂര്യോദയ സമയത്തിലെ വ്യത്യാസമനുസരിച്ച് പെരുന്നാൾ നമസ്‌കാര സമയത്തിലും മാറ്റമുണ്ടാകും. സൗദിയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളിലെ പെരുന്നാൾ നമസ്‌കാരം ഈദ് ഗാഹുകളിൽനിന്ന് പള്ളികളിലേക്ക് മാറ്റണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഹറം പള്ളികളിലെ പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ മക്കയിലും മദീനയിലും എത്തും. റമദാനിലെ അവസാന ദിവസങ്ങൾ ഹറമുകളിൽ ചെലവഴിക്കാനെത്തിയവരിൽ മിക്കവരും പെരുന്നാൾ നമസ്‌കാരത്തിനുശേഷമാകും മടങ്ങുക. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ പെരുന്നാൾ എത്തുന്നത്.

Summary: At the end of the month-long Ramadan fast, Muslims are preparing to welcome Eidul Fitr

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News