പല തെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടും എന്നെ ആരും 'ക്യാപ്റ്റനെ'ന്ന് വിളിച്ചില്ല; ചെന്നിത്തല, ക്യാപ്റ്റനല്ല, 'മേജര്‍' എന്ന് വി.ഡി സതീശന്‍

നിലമ്പൂരിലെ വിജയത്തില്‍ പ്രതിപക്ഷ നേതാവിന് മുഖ്യപങ്കുണ്ട്

Update: 2025-06-26 12:13 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് തന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും നല്‍കിയില്ല. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എന്നു പറയുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി. ഡി സതീശനു നല്‍കിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

നിലമ്പൂരിലെ വിജയത്തില്‍ പ്രതിപക്ഷ നേതാവിന് മുഖ്യപങ്കുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ വിജയമുണ്ടായാല്‍, പ്രതിപക്ഷ നേതാവ് ആരായാലും അദ്ദേഹത്തിന് ക്രെഡിറ്റുണ്ട്. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വിജയിച്ചപ്പോള്‍, ക്യാപ്റ്റന്‍ പോയിട്ട് കാലാള്‍പ്പട പോലും എന്നെ ഒരു ചാനലോ പത്രമോ ആക്കിയിട്ടില്ല. അതിലൊന്നും പരാതി ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

ഒറ്റക്കെട്ടായി, കൈമെയ് മറന്നു പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഏതു സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു നിലമ്പൂരില്‍ വിജയിക്കുക എന്നത്. നിലമ്പൂരിലെ വിജയം വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും കരുത്തുപകരും എന്ന വിശ്വാസത്തോടെയാണ് യുഡിഎഫ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. വിജയത്തില്‍ ലീഗ് നേതാക്കള്‍ക്കും സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പി.വി അന്‍വറിനെ യുഡിഎഫിനൊപ്പം സഹകരിപ്പിക്കാന്‍ താനും പി.കെ കുഞ്ഞാലിക്കുട്ടിയും ശ്രമിച്ചിരുന്നു. നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു അതെല്ലാം. ഇടതുസര്‍ക്കാരിനെതിരെ രംഗത്തു വരുന്നവരെ കൂടെ കൂട്ടുക എന്ന യുഡിഎഫ് നയമനുസരിച്ചായിരുന്നു അങ്ങനെ ചെയ്തത്. അങ്ങനെയാണ് എം.വി രാഘവനെയും കെ.ആര്‍ ഗൗരിയമ്മയെയും കൂടെ കൂട്ടിയത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ പി.വി അന്‍വര്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തു വന്നതോടെ തങ്ങള്‍ക്ക് പിന്നീടൊന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമായി. അന്‍വര്‍ വിഷയത്തില്‍ താന്‍ കൂടി പങ്കെടുത്ത യുഡിഎഫ് നേതൃയോഗമാണ് തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ അന്‍വര്‍ വിഷയത്തില്‍ ഇനി യുഡിഎഫ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാൽ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ടീം യുഡിഎഫിന്റേതാണെന്നും തന്നെ ക്യാപ്റ്റനെന്ന് തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ ചെന്നിത്തല മേജറാണെന്നായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News