ബലാത്സംഗ കേസ്:രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം
രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു
കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. രാഹുലിനെതിരെയുള്ള 23കാരിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്.ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം.തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയവും ജാമ്യ വ്യവസ്ഥയിലുണ്ട്. 15ാം തീയതി രാഹുലിന്‍റെ കേസില്‍ കോടതി വിശദമായി വാദം കേള്‍ക്കും.
ക്രൂരബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പൊലീസിന്റെ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം. ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം ശ്രമിച്ചിരുന്നു. രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യർക്ക് ആശ്വാസം. ഈ മാസം 15 വരെ സന്ദീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 15ന് സന്ദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.