'രശ്മിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റ് തന്നെ': ഫോറൻസിക് പരിശോധനാ ഫലം
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്
കോട്ടയം: കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നഴ്‌സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് പോലീസ്. ഫോറൻസിക്ക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്. ആന്തരിക അവയവങ്ങളിൽ ഉണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് നേരത്തെ പോസ്റ്റുമോർട്ടത്തിലും വ്യക്തമായിരുന്നു. വിശദമായ റിപ്പോർട്ട് ഉടൻ പോലീസിന് കൈമാറും. ഇത് ലഭിക്കുന്ന മുറയ്ക്ക് ആകും തുടർ നടപടികൾ ഉണ്ടാകുക.
അതേസമയം ഭക്ഷ വിഷബാധയുണ്ടായ കോട്ടയത്തെ ദ പാർക്ക് എന്ന ഹോട്ടലിന്റെ ഉടമകളെയും ഗന്ധിനഗർ പോലീസ് പ്രതി ചേർത്തു. ഇവർക്കായുള്ള തിരച്ചിലും ഊർജ്ജിതമാക്കി. ഇന്നലെ ഹോട്ടലിലെ പ്രധാന കുക്കിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
അതേസമയം ഹോട്ടൽ മേഖലയെ തകർക്കരുതെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. 'ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഹോട്ടൽ മേഖലയെ കരിവാരി തേക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നിയമാനുസൃതമല്ലാത്ത നടപടികളുണ്ടാകുന്നുണ്ടെന്നും ഇവർ ആരോപിച്ചു.