Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: ആശങ്കകൾക്കും എതിർപ്പുകൾക്കുമിടയിലും കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ്ഐആറിന്റെ നടപടിക്രമങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വീടുകളിൽ ബിഎൽഒ ഉദ്യോഗസ്ഥരെത്തി എന്യുമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തേക്കാണ് വിവരശേഖരണം. മൂന്ന് തവണയായി ബിഎൽഒമാർ വീടുകളിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച്, സ്വാഭാവികമായും ഉയർന്നുവരാനിടയുള്ള സംശയങ്ങൾക്കുള്ള പരിഹാരം നിർദേശിച്ചിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രത്തൻ ഖേൽക്കർ.
2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത, പുതിയ പട്ടികയിൽ പേരുവന്നതുമായ ആളുകൾക്ക് എസ്ഐആർ പ്രകാരം വോട്ടർപട്ടികയിൽ തങ്ങളുടെ പേര് ഉറപ്പാക്കുന്നതിനായി എന്ത് ചെയ്യണമെന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് രത്തൻ ഖേൽക്കർ പറയുന്നത്.
2002ലെ വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടിട്ടുള്ള മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ വിവരങ്ങൾ എന്യുമറേഷൻ ഘട്ടത്തിൽ ചേർത്താൽ മതിയാകും. അങ്ങനെ വിവരങ്ങൾ ചേർക്കുകയാണെങ്കിൽ അധികമായി മറ്റൊരു രേഖയും സമർപ്പിർപ്പിക്കേണ്ട ആവശ്യം വരുന്നില്ലെന്നതാണ് നിലവിലെ നിർദേശം.
മറിച്ചാണെങ്കിൽ, 2002ലെ വോട്ടർപട്ടികയിൽ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പേരില്ലാത്ത, 1987ന് മുമ്പ് ജനിച്ചവരാണെങ്കിൽ 12 രേഖകൾ സമർപ്പിക്കേണ്ടതായി വരും. 1987-2004 കാലയളവിൽ ജനിച്ചവരാണെങ്കിൽ അച്ഛനമ്മമാരുടെ രേഖകൾ സമർപ്പിക്കേണ്ടിവരും.
2002ലെ വോട്ടർപട്ടികയിൽ പേര് വന്നിട്ടുള്ള മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് സമർപ്പിക്കുകയാണെങ്കിൽ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരില്ലെന്നതാണ് നിലവിൽ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശമെന്നും രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു.