റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി
നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു.പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂർ എഎസ്പിയായിരുന്നുഅദ്ദേഹം.
1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.
യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായിരുന്നു റവാഡ. നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാർ. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. 2023ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. തിരികെ സംസ്ഥാനത്തേക്ക് വരാനുള്ള താല്പര്യം അറിയിച്ചെങ്കിലും കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയുടെ ഇടപെടലിൽ സിപിഎമ്മിന് അമർഷമുണ്ട്.