ലഹരിക്കെതിരായ ജനജാഗ്രതയെ സർക്കാർ പിന്നിൽ നിന്ന് കുത്തരുത്: വെൽഫെയർ പാർട്ടി
എസ്എഫ്‌ഐ - കെ എസ്‌യു പോലുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തകർ ലഹരിയുടെ പ്രചാരകരായി മാറുന്നത് തടയിടാൻ സംഘടന നേതൃത്വങ്ങൾക്ക് സാധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടന്ന ലഹരിവേട്ടയിൽ പിടിക്കപ്പെട്ടവർ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ലഹരിക്കെതിരെ നടക്കുന്ന വിവിധ ജനകീയ പോരാട്ടങ്ങളെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് ഇതിലൂടെ സർക്കാർ നടത്തുന്നത്. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ - കെഎസ്‌യു തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും നേതാക്കളും ലഹരി വില്പന നടത്തുന്നത്തിനെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ കൈക്കൊള്ളണം. ഭരണ - രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് ക്രിമിനലുകൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കിക്കൊടുക്കുകയാണ്. സമൂഹത്തിൽ ലഹരിക്കെതിരെ മുമ്പില്ലാത്ത വിധത്തിലുള്ള ജാഗ്രത കനപ്പെട്ടു വരുകയാണ്.
സംഘടനകൾ, സ്‌കൂളുകൾ, പിടിഎ, മഹല്ലുകൾ, റസിഡൻസ് അസോസിയേഷനുകൾ, മാധ്യമങ്ങൾ, ക്ലബ്ബുകൾ, നാട്ടുകൂട്ടായ്മകൾ അങ്ങനെ എല്ലാവരും ഈ വിപത്തിനെതിരെ പോരാട്ടമുഖം തുറക്കുമ്പോഴാണ് കളമശേരിയിൽ നിന്ന് ലഹരി പിടിച്ചെടുക്കുന്നത്. എസ്എഫ്‌ഐ - കെ എസ്‌യു പോലുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തകർ ലഹരിയുടെ പ്രചാരകരായി മാറുന്നത് തടയിടാൻ സംഘടന നേതൃത്വങ്ങൾക്ക് സാധിക്കണം. സംസ്ഥാന സർക്കാർ ലഹരിക്കടത്തിനെതിരെ കർശന നടപടികളിലേക്ക് കടക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.