കരാറുകാരെ കൂട്ടി വരരുതെന്ന പരാമർശം; സിപിഎം യോഗത്തിൽ മന്ത്രി റിയാസിനെതിരെ രൂക്ഷ വിമർശനം

എതിർപ്പ് ശക്തമായതോടെ പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രിക്കു വിശദീകരിക്കേണ്ടിവന്നു

Update: 2021-10-14 11:18 GMT
Editor : Nisri MK | By : Web Desk
Advertising

പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സി.പി.എം നിയമസഭാ കക്ഷിയോഗത്തിൽ രൂക്ഷ വിമർശനം. കരാറുകാരെയും കൂട്ടി എംഎല്‍എമാർ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമർശത്തിന്‍റെ പേരിലാണ് വിമർശനം ഉണ്ടായത്. എതിർപ്പ് ശക്തമായതോടെ പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു.

കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയിൽ നടത്തിയ പരാമർശമാണ് സിപിഎം എംഎല്‍എമാരെ ചൊടിപ്പിച്ചത്. നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തിൽ എംഎല്‍എമാർ വിമര്‍ശിച്ചു.തലശേരി എംഎല്‍എ എ.എൻ.ഷംസീറാണ് വിമർശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും എല്ലാം വിമർശനം ഏറ്റെടുത്തു.

മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎല്‍എമാർക്ക് കരാറുകാർ അടക്കമുളളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെയും കാണേണ്ടിവരും. അതിനെ തെറ്റായി ചിത്രീകരിക്കുന്ന പരാമർശം നിയമസഭയില്‍ വെച്ച് മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് നിയമസഭാ കക്ഷിയോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. വിമര്‍ശനം കടുത്തതോടെ നിയമസഭാ കക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ മന്ത്രിയ്ക്ക് സംരക്ഷണമൊരുക്കി. തെറ്റായ ഉദ്ദേശത്തിലല്ല പരാമർശമെന്ന് വിശദീകരിച്ച മുഹമ്മദ് റിയാസ് പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദ പ്രകടനവും നടത്തി.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News