വാക്‌സിൻ മുൻഗണനാക്രമം അട്ടിമറിക്കാൻ വിസമ്മതിച്ചു; ഡോക്ടർക്ക് സിപിഎം നേതാക്കളുടെ മർദനം

ആലപ്പുഴ കൈനകരിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്രബോസിനാണ് മർദനമേറ്റത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഎം നേതാക്കളാണ് ഡോക്ടറെ ആക്രമിച്ചത്

Update: 2021-07-25 12:47 GMT
Editor : Shaheer | By : Web Desk
Advertising

വാക്‌സിൻ മുൻഗണനാക്രമം അട്ടിമറിക്കാൻ കൂട്ടുനിൽക്കാത്ത ഡോക്ടറെ സിപിഎം നേതാക്കൾ മർദിച്ചു. ആലപ്പുഴ കൈനകരിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്രബോസിനാണ് മർദനമേറ്റത്. ഡോക്ടറുടെ പരാതിയിൽ മൂന്നുപേർക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഎം പ്രാദേശികനേതാക്കളുടെ വാദം.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വിതരണം ചെയ്തതിൽ ബാക്കിവന്ന 10 ഡോസ് വാക്‌സിൻ നൽകാൻ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് ലിസ്റ്റ് നൽകിയെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ഈ ലിസ്റ്റിനെതിരെ പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം തന്നെ രംഗത്തുവന്നു. ക്രമവിരുദ്ധമായി വാക്‌സിൻ വിതരണം ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ചതോടെ മർദിച്ചെന്നാണ് ഡോക്ടറുടെ പരാതി. കഴുത്തിന് പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ഡോക്ടർമാരുടെ സംഘടന.

ഡോക്ടറുടെ പരാതിയിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ്, സിപിഎം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, ക്രമവിരുദ്ധമായി വാക്‌സിൻ നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News