പ്രശസ്ത പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്ന ഇ.എൻ. അബ്ദുല്ലാ മൗലവി അന്തരിച്ചു
ദീർഘകാലം സംഘടനയുടെ സംസ്ഥാന ശൂറാ അംഗമായിരുന്നു
കോഴിക്കോട്: പ്രശസ്ത പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവും ദീർഘകാലം സംഘടനയുടെ സംസ്ഥാന ശൂറാ അംഗവുമായിരുന്ന ഇ.എൻ. അബ്ദുല്ലാ മൗലവി അന്തരിച്ചു.
1947 ജനുവരിയിൽ കോഴിക്കോട് ജില്ലയിലെ ചെറുവാടിയിലാണ് ജനനം. പണ്ഡിതനായ ഏഴിമല അഹ്‌മദ് മുസ്‍ലിയാരാണ് പിതാവ്. മാതാവ് മലപ്പുറം ജില്ലയിലെ വാഴക്കാട്ടെ എം.ടി. കുഞ്ഞിഫാത്തിമ. കണ്ണൂർ ജില്ലയിലെ ഏഴിമലയിൽനിന്ന് ചെറുവാടിയിലേക്ക് മാറിത്താമസിച്ച കുടുംബമാണ് അദ്ദേഹത്തിന്റേത്.
സൗത്ത് കൊടിയത്തൂർ യു.പി. സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ചെറുവാടി ഹിദായതുൽ മുസ്‍ലിമീൻ മദ്റസ, വിളയിൽ പറപ്പൂര്, കുറ്റിക്കടവ്, മുന്നൂര് എന്നിവിടങ്ങളിലെ പള്ളിദർസുകളിൽനിന്ന് മതവിജ്ഞാനവും നേടി. പിതാവ് അഹ്‌മദ് മുസ്‍ലിയാർ, മുന്നൂരിലെ എ.പി. അഹ്‌മദ് കൂട്ടി മുസ്ലിയാർ, പൊന്നാനിയിലെ അബ്‌ദുല്ലാ കുട്ടി മുസ്‌ലിയാർ എന്നിവരാണ് ഗുരുനാഥന്മാർ.
കേരളത്തിലെ വിവിധ മദ്റസകളിലും കോളേജുകളിലും അധ്യാപകനായും ശിവപുരം ഇസ്‍ലാമിയ കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും ഉസ്വൂലുൽ ഫിഖ്ഹിലും അവഗാഹം നേടിയ മൗലവി, ചിന്തോദ്ദീപകമായ പ്രഭാഷണങ്ങൾ
നിർവഹിച്ചിരുന്നു. ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത് പള്ളി, കണ്ണൂർ ബസ്സ്റ്റാന്റ് ജുമുഅത് പള്ളി, രാമനാട്ടുകര മസ്‌ജിദുൽ ഹുദാ എന്നിവ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ഖത്വീബായും പ്രവർത്തിച്ചിട്ടുണ്ട്.
1980-ൽ ജമാഅത്തെ ഇസ്‍ലാമി അംഗമായി. ജമാഅത്തെ ഇസ് ലാമി കേരള ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ നാളിമായും മേഖലാ നാളിമായും പ്രവർത്തിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ മലയാളികൾക്കിടയിൽ ഇസ്‌ലാമിക പ്രബോധനപ്ര വർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു. ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഭാര്യ: സി.കെ. സൈനബ. മക്കൾ: നസീറ, അമീൻ ജൗഹർ, യാസർ, നദീറ, നുജൂബ, നസീല, നബീൽ
മരുമക്കൾ: വി. പി ശൗകത്തലി (ഇത്തിഹാദുൽ ഉലമാ കേരള സംസ്ഥാന സമിതിയംഗം), സാജിദ വാലില്ലാപ്പുഴ, ഹാഷിം എളമരം (മാധ്യമം), യസീറ ഓമശ്ശേരി, ഷമീം അരീക്കോട്, മൈമൂന ഗോതമ്പറോഡ്.
സഹോദരങ്ങൾ: ഇ.എൻ മുഹമ്മദ് മൗലവി, മഹ്മൂദ് മൗലവി (ഇരുവരും പരേതർ), ഇ.എൻ ഇബ്രാഹിം മൗലവി, ഇ. എൻ അബ്ദുൽ ഹമീദ്, ഇ. എൻ അബ്ദുൽ ജലീൽ, ഇ എൻ അബ്ദുർ റഹ്മാൻ, ഇ.എൻ ആയിഷ.
ഇന്ന് വൈകുന്നേരം മൂന്ന് മുതൽ ചേന്ദമംഗല്ലൂർ ഇസ്‍ലാഹിയയിൽ പൊതുദർശനത്തിന് വെയ്ക്കും. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30 ന് (04.05.2025 ഞായർ ) ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ:മസ്ജിദിൽ.