രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതില്‍ വിസി സിസാ തോമസിന് കടുത്ത അതൃപ്തി; അനിൽകുമാർ ചുമതല ഏറ്റെടുത്തതിൽ ജോയിൻ രജിസ്ട്രാറോട് റിപ്പോർട്ട് തേടി

നിലവിൽ നൽകിയിട്ടുള്ള ഹരജി രജിസ്ട്രാർ കെ.എസ് അനിൽകുമാർ പിൻവലിക്കും

Update: 2025-07-07 02:17 GMT
Editor : Lissy P | By : Web Desk

തിരുവന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ രജിസ്ട്രാർ ഇന്നലെ ചുമതല ഏറ്റെടുത്തതിൽ ജോയിൻ രജിസ്ട്രാർ ഇന്ന് താത്ക്കാലിക വിസി സിസാ തോമസിന്  റിപ്പോർട്ട് നൽകും. ഇന്നലത്തെ യോഗത്തിൽ നിന്ന് താൻ ഇറങ്ങിപ്പോയതിനു ശേഷം സിൻഡിക്കേറ്റ് ചേർന്ന്   രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി ഉത്തരവിറക്കിയതിൽ  സിസാ തോമസിനെ കടുത്ത അതൃപ്തിയുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി വൈകി ജോയിൻ രജിസ്ട്രാറോട് വിശദീകരണം തേടിയത്. ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ജോയിൻ രജിസ്ട്രാറുടെ വിശദീകരണം കൂടി അതിൽ ഉൾപ്പെടുത്താനാണ് സിസാ തോമസിന്റെ നീക്കം. അതേസമയം, നിലവിൽ നൽകിയിട്ടുള്ള ഹരജി രജിസ്ട്രാർ കെ.എസ് അനിൽകുമാർ പിൻവലിക്കും.സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ച പശ്ചാത്തലത്തിലാണ് ഹരജി പിൻവലിക്കാൻ അനിൽകുമാർ തീരുമാനമെടുത്തിരിക്കുന്നത്.  അനില്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സസ്പെൻഷൻ നടപടി സിൻഡിക്കറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിൽ ഹരജി പിൻവലിക്കുന്ന കാര്യം അഭിഭാഷകൻ കോടതിയെ അറിയിക്കും.

Advertising
Advertising

സസ്പെൻഷനെക്കുറിച്ച് ഇന്ന് വൈസ് ചാൻസലറും കോടതിക്ക് വിശദീകരണം നൽകും. സെനറ്റ് ഹാളിന് പുറത്തുണ്ടായ ക്രമസമാധാന പ്രശ്നത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസും കോടതിയെ ധരിപ്പിക്കും. സസ്പെൻഷൻ നടപടിക്ക് വിസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, രജിസ്ട്രാരുടെ ഹരജി. നടപടിയെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിനാണ് അധികാരമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ, സസ്പെൻഷൻ നടപടിക്ക് അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഗവർണർ പങ്കെടുക്കുന്ന പരിപാടി കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും കോടതി വിമർശിച്ചിരുന്നു.

അതേസമയം, സർവകലാശാലകളുമായി ബന്ധപ്പെട്ട് രാജ്ഭവനും ഗവർണർക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന വിസിമാരും എടുക്കുന്ന നിലപാടിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് സിപിഎം നൽകിയിരിക്കുന്ന നിർദേശം. നിയമപരമായ പോരാട്ടത്തിന് സിൻഡിക്കേറ്റുകളും ,രാഷ്ട്രീയ പോരാട്ടത്തിന് സിപിഎമ്മുമാണ് തീരുമാനമെടുത്തിരിക്കുന്നത്. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News